മക്ക-സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അർധവാർഷിക പരീക്ഷകൾക്ക് ശേഷം പത്തു ദിവസത്തെ അവധി ആരംഭിച്ചതോടെ മക്കയിലെ ഹോട്ടലുകളിൽ റെക്കോർഡ് തിരക്ക്. മക്ക സെൻട്രൽ ഏരിയയിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളിലെല്ലാം ബുക്കിംഗ് ഫുൾ ആണെന്ന് ഹോട്ടൽ മാനേജർമാർ പറഞ്ഞു.
ക്ലോക് ടവറുൾപ്പെടെയുള്ള കിംഗ് അബ്ദുൽ അസീസ് എന്റോവ്‌മെൻറെ പ്രോജക്റ്റിലെ ഹോട്ടലുകളെല്ലാം ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്, താരതമ്യേന ഹജ് സമയങ്ങളിൽ മാത്രം കാര്യമായി ബുക്കിംഗ് നടക്കാറുള്ള അസീസിയ ഏരിയയിൽ വരെ ധാരാളം താമസക്കാരെത്തി. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അർധ വാർഷികാവധി മൂലം ആഭ്യന്തര തീർത്ഥാടകർക്കു പുറമെ വിവിധ ഗൾഫു നാടുകളിൽ നിന്നും ധാരാളമായി തീർത്ഥാടകർ മക്കയിലെത്തിയിട്ടുണ്ട്,
ഉംറ സീസണിലെ പതിവു തിരക്കു കൂടിയായതോടെയാണ് ഹോട്ടലുകളിലെ ബുക്കിംഗ് പുതിയ റെക്കോർഡിലെത്തിയത്. അനുകൂല കാലാവസ്ഥയും അവധിയും കാരണം ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ധാരാളമായി ഉംറ തീർത്ഥാടകരും സന്ദർശകരുമാണ്. ഈ ദിവസങ്ങളിൽ മക്കയിലും മദീനയിലുമെത്തിക്കൊണ്ടിരിക്കുന്നത്. തീർത്ഥാടനത്തിനും സന്ദർശനത്തിനുമായി സൗദിയിലെത്താനുള്ള യാത്ര നടപടികളിക്രമങ്ങളുടെയും വിസലഭ്യതയുടെയും സുതാര്യതയും എളുപ്പവും വേഗതയുമാണ് ഇത്രയധികം സന്ദർശകരെ മക്കയിലേക്ക് ആകർഷിക്കുന്നതെന്ന് സൗദിയിലെ ടൂറിസം രംഗത്തു പ്രവർത്തിക്കുന്ന സ്ഥാപന മാനേജർ മുഹ് യിദ്ദീൻ ഹമൂദ വ്യക്തമാക്കി.