2015 ൽ കരിപ്പൂർ വിമാനത്താവളത്തോട് വിടപറഞ്ഞ സൗദി എയർ ലൈൻസ് ഒക്ടോബര് 27 ന് മടങ്ങിയെത്താൻ സാധ്യത തെളിയുന്നു. ആഴ്ചയിൽ ഏഴു സർവീസുകളുണ്ടാകും കോഴിക്കോട്- ജിദ്ധ, ജിദ്ദ -കോഴിക്കോട് – റിയാദ് സെക്ടറുകളിലാണിത്.
ജിദ്ദയിലേക്കു ആഴ്ചയിൽ നാലും റിയാദിലേക്ക് ആഴ്ചയിൽ മൂന്നും സർവീസുകൾ ഉണ്ടാകും. നവംബർ അവസാനത്തോടെ സർവീസുകളുടെ എണ്ണം 11 ആയി വർധിപ്പിക്കാനും പദ്ധതിയുണ്ട്.
കോഡ് ഇ വിഭാഗത്തിൽ പെടുന്ന വലിയ വിമാനമാണ് സർവീസുകൾക്ക് ഉപയോഗിക്കുക. 36 ബിസിനസ്സ് ക്‌ളാസ് സീറ്റുകളും 298 എക്കണോമി സീറ്റുകളും ഉണ്ടാകും.
നിലവിൽ ബംഗളൂരു, ചെന്നൈ, കൊച്ചി, മുംബൈ, തിരുവനതപുരം, ദൽഹി, ഹൈദരാബാദ്, ലഖ്‌നൗ എന്നിവിടങ്ങളിലേക്കു സൗദി എയർ ലൈൻസ് സർവീസ് നടത്തുന്നുണ്ട്.
2015 ൽ റൺവേ നവീകരണത്തിന്റെ ഭാഗമായി വലിയ വിമാനങ്ങൾക്ക് നിയത്രണം വന്നതിനാൽ സൗദി എയർ ലൈൻസ് കോഴിക്കോട് വിട്ടിരുന്നു. 2020 ലെ വിമാനാപകടത്തോടെ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
അപകടം അന്വേഷിച്ച കമ്മീഷൻ മുന്നോട്ടുവച്ച എല്ലാ സൗകര്യങ്ങളും കോഴിക്കോട്ടു ഏർപ്പെടുത്തിയെങ്കിലും വലിയ വിമാനങ്ങൾക്ക് വിലക്ക് തുടരുകയായിരുന്നു.
സൗദി എയർ ലൈൻസ് മടങ്ങിയെത്തുന്നതോടെ ഇതേ കാരണത്താൽ കോഴിക്കോട് വിട്ട എമിരേറ്റ്സ് , ഒമാൻ എയർ , എന്നിവക്കും മടങ്ങിയെത്താനുള്ള വഴിതെളിയും.