റിയാദ്- സൗദി അറേബ്യയും ഇന്തോനേഷ്യയും വിവിധ മേഖലകളിൽ പരസ്പര സഹകരണം ശക്തമാക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഏതാനും കരാറുകളും ധാരണാപത്രങ്ങളും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ഇന്തോനേഷ്യൻ പ്രസിഡന്റ് ജോകോ വിദോദുവിന്റെയും സാന്നിധ്യത്തിലാണ് ഇരു രാജ്യങ്ങളിലെയും മന്ത്രിമാരും വകുപ്പ് മേധാവികളും കരാറുകളിൽ ഒപ്പുവെച്ചത്.
റിയാദ് അൽ യെമാമ കൊട്ടാരത്തിൽ വെച്ചാണ് ഇന്തോനേഷ്യൻ പ്രസിഡന്റുമായി സൗദി കിരീടാവകാശി കൂടിക്കാഴ്ച നടത്തിയത്. സൗദി അറേബ്യയും ഇന്തോനേഷ്യയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളിൽ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു.