റിയാദ്: സൗദി അറേബ്യയിൽ മോശം തൊഴിൽ സാഹചര്യമാണുള്ളതെന്ന വാർത്തകൾ നിഷേധിച്ച് അധികൃതർ. നാഷണൽ കൗൺസിൽ ഫോർ ഒക്കുപേഷണൽ സേഫ്റ്റി ആന്റ് ഹെൽത്ത് ആണ് വ്യാജ വാർത്തകൾ നിഷേധിച്ച് രംഗത്തെത്തിയത്.
സൗദി അറേബ്യയിൽ മോശം തൊഴിൽ സാഹചര്യമാണുള്ളതെന്നും, ഇത് മൂലം മരണപ്പെടുന്ന തൊഴിലാളികളുടെ എണ്ണം വർധിക്കുന്നുവെന്നും ആരോപിച്ചുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതർ വാർത്തകൾ നിഷേധിച്ച് എത്തിയത്. രാജ്യത്ത് 2017 മുതൽ തൊഴിൽ ആരോഗ്യ സുരക്ഷകയുള്ള നാഷണൽ സ്ട്രാറ്റജിക് പ്രോഗ്രാം ഇനീഷ്യേറ്റീവ് നിലവിലുണ്ട്. ഇതിന്റെ ഭാഗമായി ആരോഗ്യവുമായി ബന്ധപ്പെട്ട നിയമങ്ങൾ വികസിപ്പിക്കുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
രാജ്യത്ത് നിലവിലുള്ള എല്ലാ തൊഴിൽ നിയമ പരിഷ്കരണങ്ങളും തൊഴിലാളികൾക്ക് മുൻഗണന നൽകും വിധമാണ്. തൊഴിലുടമ തൊഴിലാളികൾക്കുള്ള സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് ഉറപ്പു വരുത്തണം. മധ്യാഹ്ന സമയങ്ങളിൽ നേരിട്ട് വെയിലേൽക്കും വിധം ജോലി ചെയ്യിപ്പിക്കാൻ നിയമം അനുവദിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.