ജിദ്ദ: രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെ പരിശോധന ശക്തമാക്കി സൗദി അറേബ്യ. ഈ വർഷത്തെ ആദ്യ പാദത്തിൽ നടത്തിയ പരിശോധനയിൽ 182 സ്ഥാപനങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്.
ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം ഉദ്യോഗസ്ഥർ നേരിട്ടും അല്ലാതെയും 8,000ൽ അധികം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 6,859 സ്ഥാപനങ്ങളിലും 1,484 കമ്പനികളിലുമാണ് പ്രധാനമായും പരിശോധനകൾ നടന്നത്.
ലേഡീസ് വാനിറ്റി ബാഗുകൾ, ജെന്റ്സ് റെഡിമെയ്ഡ് വസ്ത്രങ്ങൾ, ആക്സസറീസ് എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളിലും റസ്റ്റോറന്റുകളിലും മിനിമാർക്കറ്റുകളിലുമായിരുന്നു അധികൃതർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇഖാമ, തൊഴിൽ നിയമം എന്നിവ അനുസരിക്കാതിരിക്കൽ ഉൾപ്പെടെ നിരവധി നിയമ ലംഘനങ്ങളും ഈ പരിശോധനകളിൽ കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു.