റിയാദ്- പ്രമുഖ അന്താരാഷ്ട്ര എണ്ണ കമ്പനിയായ സൗദി അരാംകോയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഷെയറുകളുടെ നാലു ശതമാനം സൗദി ഇൻവെസ്റ്റുമെൻ് കമ്പനിയി(സനാബിലി)ലേക്കു നീക്കിയതായി സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അറിയിച്ചു.
ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന്റെ സാമ്പത്തികാടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഷെയർ മാറ്റം നടത്തിയത്. സർക്കാർ ഉടമസ്ഥതയിലെ നാലുശതമാനം ഷെയറുകൾ മാറ്റിയെങ്കിലും കമ്പനിയുടെ 90.18 ശതമാനവും ഏറ്റവും വലിയ ഷെയർ ഹോൾഡറായ സർക്കാറിന്റെതു തന്നെയായിരിക്കും. പുതുതായി നിരവധി സാമ്പത്തിക മേഖലകൾ സ്ഥാപിച്ചും ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്തും പബ്ലിക് ഇൻവെസ്റ്റുമെന്റ് ഫണ്ട് പ്രത്യക്ഷമായും പരോക്ഷമായും നിരവധി തൊഴിലുകൾ പുതുതായി സൃഷ്ടിക്കുന്ന പദ്ധതികളുമായി മുന്നോട്ടു പോകുകയാണെന്നും കിരീവകാശി വ്യക്തമാക്കി.