ജിദ്ദ – ലോകത്ത് ഏറ്റവുമധികം ലാഭം നേടി സൗദി അറാംകൊ കമ്പനി ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ പന്ത്രണ്ടു മാസത്തിനിടെ ലോകത്ത് ഏറ്റവുമധികം ലാഭം കൈവരിച്ചതിൽ രണ്ടാം സ്ഥാനത്തുള്ള ആപ്പിൾ കമ്പനിയും മൂന്നാം സ്ഥാനത്തുള്ള ബെർക്‌ഷെയർ ഹാഥവേയും ആകെ നേടിയ ലാഭത്തെക്കാൾ കൂടുതലാണ് സൗദി അറാംകൊ ഒറ്റക്ക് കൈവരിച്ച ലാഭം.
കഴിഞ്ഞ നാലു പാദങ്ങളിൽ സൗദി അറാംകൊ ആകെ 264 ബില്യൺ ഡോളർ ലാഭം കൈവരിച്ചു. ഈ കാലാവധിയിൽ ആപ്പിൾ കമ്പനി 114 ബില്യൺ ഡോളറും ബെർക്‌ഷെയർ ഹാഥവേ 113 ബില്യൺ ഡോളറുമാണ് ലാഭം നേടിയത്. നാലാം സ്ഥാനത്തുള്ള ബ്രസീലിയൻ ബഹുരാഷ്ട്ര എണ്ണ കമ്പനിയായ പെട്രോബ്രസ് 98.6 ബില്യൺ ഡോളർ ലാഭം കൈവരിച്ചതായും കമ്പനീസ് മാർക്കറ്റ് ക്യാപ് ശേഖരിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു.
വിപണി മൂല്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് ഏറ്റവുമധികം ലാഭം നേടിയ കമ്പനികളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. നാലു പാദവർഷങ്ങളിൽ മൈക്രോസോഫ്റ്റ് 95 ബില്യൺ ഡോളറാണ് ലാഭം കൈവരിച്ചത്. ആറാം സ്ഥാനത്തുള്ള ഗൂഗിൾ 78.8 ബില്യൺ ഡോളറും ഏഴാം സ്ഥാനത്തുള്ള റഷ്യൻ കമ്പനിയായ ഗ്യാസ്‌പ്രോം 76.8 ബില്യൺ ഡോളറും ലാഭം നേടി. ലോകത്ത് ഏറ്റവുമധികം ലാഭം കൈവരിച്ച ധനകാര്യ സ്ഥാപനം ജെ.പി മോർഗൻ ആണ്. നാലു പാദവർഷങ്ങളിൽ ജെ.പി മോർഗൻ ആകെ 63.5 ബില്യൺ ഡോളർ ലാഭം കൈവരിച്ചു. ലോകത്ത് ഏറ്റവുമധികം ലാഭം കൈവരിച്ച കമ്പനികളിൽ എട്ടാം സ്ഥനത്തായ ജെ.പി മോർഗൻ ഊർജ, സാങ്കേതിക കമ്പനികൾക്കു പുറത്ത് ലോകത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കിയ രണ്ടു ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നാണ്. അമേരിക്കൻ എണ്ണ കമ്പനിയായ എക്‌സൺ മൊബീൽ ആണ് ഒമ്പതാം സ്ഥാനത്ത്. എക്‌സൺ മൊബീൽ നാലു പാദവർഷങ്ങളിൽ ആകെ 61 ബില്യൺ ഡോളർ ലാഭം രേഖപ്പെടുത്തി.