ജിദ്ദ – പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന ബുക്‌സ്റ്റോറുകളിലും സ്റ്റേഷനറി കടകളിലും വാണിജ്യ മന്ത്രാലയ സംഘങ്ങൾ ശക്തമായ പരിശോധനകൾ നടത്തി.
ഒരാഴ്ചക്കിടെ നോട്ടുപുസ്തകങ്ങളും പേനകളും സ്‌കൂൾ ബാഗുകളും അടക്കമുള്ള വസ്തുക്കൾ വിൽക്കുന്ന 2,490 സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. പഠനോപകരണങ്ങളും വിദ്യാർഥികൾക്കാവശ്യമായ മറ്റു വസ്തുക്കളും ലഭ്യമാണെന്ന് ഉറപ്പുവരുത്താനും വില സ്ഥിരത പരിശോധിക്കാനും വിൽപനക്ക് പ്രദർശിപ്പിച്ച ഉൽപന്നങ്ങളിൽ പ്രൈസ് ടാഗുകളും സ്റ്റിക്കറുകളുമുണ്ടെന്ന് ഉറപ്പുവരുത്താനും വിൽപനക്ക് പ്രദർശിപ്പിച്ച റാക്കിൽ രേഖപ്പെടുത്തിയ വിലയും കൗണ്ടറിൽ ഈടാക്കുന്ന വിലയും തമ്മിൽ വ്യത്യാസമില്ലെന്ന് ഉറപ്പുവരുത്താനും ഓഫറുകൾ നിരീക്ഷിക്കുന്നതിന്റെയും ഭാഗമായാണ് സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയത്. സ്ഥാപനങ്ങളുടെ നിയമ സാധുതയും വാണിജ്യ മന്ത്രാലയ നിയമങ്ങളൊന്നും ലംഘിക്കുന്നില്ലെന്നും പരിശോധനകൾക്കിടെ ഉറപ്പുവരുത്തി. നിയമ ലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചതായും വാണിജ്യ മന്ത്രാലയം അറിയിച്ചു.