റിയാദ്: ബ്രസീലുമായി സൗദി അറേബ്യയുടെ വ്യാപാര പങ്കാളിത്തം ശക്തമാക്കുന്നതിന് ലുലു ഗ്രൂപ്പിന്റെ സജീവ പങ്കാളിത്തം. ബ്രസീൽ വൈസ് പ്രസിഡന്റിന്റെ സൗദി സന്ദർശനത്തോടനുബന്ധിച്ച് ബ്രസീലിയൻ ട്രേഡ് ആന്റ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ഏജൻസിയും ലുലു സൗദി ഹൈപ്പർമാർക്കറ്റ് മേധാവികളും ധാരണാപത്രത്തിൽ ഒപ്പ് വെച്ചു.
ബ്രസീലിയൻ ഉൽപന്നങ്ങളുടെ സൗദി വിപണി ശക്തമാക്കുകയെന്ന ലുലുവിന്റെ വിശാലലക്ഷ്യം യാഥാർഥ്യമാകുന്നതിന് ലുലു ശൃംഖലകൾ പ്രയോജനപ്പെടുത്താനാകും.
ബ്രസീൽ വൈസ് പ്രസിഡന്റ് ജെറാൾഡോ അൽക് മിൻ, സൗദി നിക്ഷേപകാര്യ മന്ത്രി ഖാലിദ് അൽ ഫാലിഹ് എന്നിവരുടെ സാന്നിധ്യത്തിൽ അപെക്സ് ബ്രസിൽ പ്രസിഡന്റ് ജോർജ് നെയ് വിയാന മാസിഡോ നെവസ്, ലുലു സൗദി ഡയരക്ടർ ഷഹീം മുഹമ്മദ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പ് വെച്ചു.
സൗദി അറേബ്യയുമായുള്ള ബ്രസീലിന്റെ വ്യാപാരപങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനും ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബിസിനസ് ശൃംഖല വിപുലമാക്കുന്നതിനും ഉദ്ദേശിച്ചുള്ള ചരിത്രപ്രധാനമായ സന്ദർശനമാണ് ബ്രസീലിയൻ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരും വ്യവസായ പ്രമുഖരും സൗദി തലസ്ഥാനത്ത് നടത്തിയത്. ബ്രസീലിന്റെ പുതിയ ചില വ്യവസായമേഖലകളിലേക്ക് കൂടി പുതുജാലകം തുറക്കുന്നതിന്റെ മുന്നോടിയായാണ് ഈ പര്യടനം വിലിരുത്തപ്പെടുന്നത്.
കാർഷിക മേഖലയിലും വ്യവസായ മേഖലയിലും ബ്രസീലിയൻ സഹകരണം ഉറപ്പ് വരുത്തുന്ന സന്ദർശനത്തിൽ അരി, ചോളം, സോയാ ബീൻ, കരിമ്പ്, പൊട്ടാറ്റോ, ധാന്യം, തക്കാളി, തണ്ണിമത്തൻ, ഉള്ളി തുടങ്ങിയ വിഭവങ്ങൾക്കു പുറമേ പ്രസിദ്ധമായ ബ്രസീലിയൻ മാംസ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണിയും സൗദിയിൽ വിപുലമാക്കുന്നതിന് ലുലു സഹകരണം ഉറപ്പുവരുത്തുന്നതാണ് പുതിയ കരാർ.
സൗദി – ബ്രസീൽ വ്യാപാര പങ്കാളിത്തത്തിന് ഉപോദ്ബലകമായ വിധത്തിൽ ശക്തമായൊരു വാണിജ്യ പങ്കാളി എന്ന നിലയിൽ ഇതിനെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നുവെന്ന് ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു. ഇത്തരത്തിൽ കരാർ ഒപ്പ് വെച്ച സ്വകാര്യമേഖലയിലുള്ള ഏക സ്ഥാപനമാണ് ലുലു എന്നത് അഭിമാനകരമാണ്. ഉപഭോക്താക്കൾക്കിടയിൽ യശസ്സ് നേടിയിട്ടുള്ള ബ്രസീലിയൻ മാംസ- പച്ചക്കറി- പഴം ഉൽപന്നങ്ങളുടെ വിപണി വലുതാക്കുന്നതിനും ബ്രസീലിയൻ ഉൽപന്നങ്ങൾ സൗദി മാർക്കറ്റിൽ കൂടുതലായി എത്തുന്നതുമായി ബന്ധപ്പെട്ട മെച്ചപ്പെട്ട മെച്ചപ്പെട്ട ഭക്ഷ്യ – ഗതാഗത സാങ്കേതിക വിദ്യ എന്നിവ ഉപയോഗിച്ച് പുതിയൊരു ഉപഭോകക്തൃസംസ്കാരം രൂപപ്പെടുത്തുന്നതിനും വരുംമാസങ്ങളിൽ ലുലു പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുമെന്നും ഷെഹീം മുഹമ്മദ് കൂട്ടിച്ചേർത്തു.