സൗദിയുടെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന എല്ലാത്തിനെയും ഞങ്ങൾ ശക്തമായി നേരിടുകയാണെന്ന് സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദൽ അസീസ് ബിൻ സഊദ് പറഞ്ഞു. മയക്കുമരുന്നിനെതിരെ രാജ്യം അതിന്റെ എല്ലാ ശേഷിയും ഉപയോഗിച്ച് സന്ധിയില്ലാ സമരത്തിലാണ്. മയക്കുമരുന്ന് കടത്തുന്നതിനെ ചെറുക്കുന്നതിനും ഇടപാടുകൾ തടയുന്നതിനും കച്ചവടക്കാരെ അറസ്റ്റ് ചെയ്യുന്നതിനും പ്രത്യേക പദ്ധതികൾ തന്നെ ആവിഷ്കരിച്ചാണ് നടപ്പാക്കുന്നത്.
അസാധാരണമായ ശ്രമങ്ങളാണ് ഇക്കാര്യത്തിൽ തുടരുന്നതെന്നും ലോക ലഹരിവിരുദ്ധ ദിനത്തിൽ ‘എക്സിൽ’ പങ്കുവച്ച പോസ്റ്റിൽ മന്ത്രി പറഞ്ഞു. മയക്ക് മരുന്ന് എന്ന വിപത്തിനെ നേരിടുന്നതിനും നിരവധി നേട്ടങ്ങളും വിജയങ്ങളും നേടിയിട്ടുണ്ട്. അതേസമയം രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന എല്ലാറ്റിനെയും ശക്തമായും ദൃഢമായും നേരിടാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.