ജിദ്ദ – അമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ലൂസിഡ് സൗദിയിലെ പ്ലാന്റിൽ നിർമിച്ച ആദ്യ കാറുകൾ ലേലത്തിൽ വിൽക്കുന്നു. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് വൻതോതിൽ നിക്ഷേപമുള്ള കമ്പനിയാണിത്. കിംഗ്ഡം ഡ്രീം എഡിഷൻ എന്ന് പേരിട്ട ലൂസിഡ് എയർ കാറുകളുടെ പ്രത്യേക പതിപ്പുകളാണ് ലേലത്തിൽ വിൽക്കുന്നത്.
സൗദി വിപണിയിൽ മാത്രം വിൽക്കാൻ കിംഗ്ഡം ഡ്രീം എഡിഷനിൽ പെട്ട 93 കാറുകളാണ് പ്രത്യേക പതിപ്പുകളായി ലൂസിഡ് കമ്പനി പുറത്തിറക്കുന്നത്. ഇക്കൂട്ടത്തിൽ പെട്ട ഒന്നാം നമ്പർ കാറും 93-ാം നമ്പർ കാറും നാളെ മുതൽ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഡിജിറ്റൽ ലേലത്തിൽ വിൽക്കാനാണ് കമ്പനി പദ്ധതിയുടുന്നത്. ലക്ഷ്വറി ഗോൾഡൻ കളർ, 21 ഇഞ്ച് ടയറുകൾ എന്നിവയെല്ലാം ഈ കാറുകളുടെ സവിശേഷതകളാണ്.
പ്രത്യേക പതിപ്പിൽ പെട്ട ഒന്നാം നമ്പർ കാറിന്റെ ലേലം നാളെ രാത്രി ഒമ്പതിന് ആരംഭിച്ച് നവംബർ 11 ന് രാത്രി പതിനൊന്നിന് അവസാനിക്കും. 93-ാം നമ്പർ കാറിന്റെ ലേലം നവംബർ 10 ന് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച് നവംബർ 12 ന് വൈകീട്ട് അഞ്ചിന് അവസാനിക്കും. സെവൻ കാർ ലോഞ്ച് പ്ലാറ്റ്‌ഫോം (സെവൻ വേൾഡ് ഡോട്ട്‌കോം) വഴിയാണ് ഡിജിറ്റൽ ലേലം നടക്കുക. ലൂസിഡ് എയർ സൗദി പതിപ്പ് ലേലത്തിൽ വിൽക്കാനുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോം ആയിരിക്കും സെവൻ വേൾഡ് ഡോട്ട്‌കോം. എല്ലാവർക്കും ലേലത്തിൽ പങ്കെടുക്കാൻ സാധിക്കും. പത്തു ലക്ഷം റിയാൽ മുതലാണ് ലേലം ആരംഭിക്കുക. ലേലത്തിലൂടെ ലഭിക്കുന്ന മുഴുവൻ വരുമാനവും സൗദിയിലെ ഡൗൺ സിൻഡ്രം ചാരിറ്റബിൾ അസോസിയേഷന് സംഭാവന ചെയ്യും.
പ്രത്യേക പതിപ്പിലുള്ള കാർ സ്വന്തമാക്കുന്നതിനു പുറമെ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകാനുള്ള അവസരവുമാണ് ലേലത്തിലൂടെ ലഭിക്കുന്നത്. ജിദ്ദക്കു സമീപം റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലാണ് ലൂസിഡ് ഇലക്ട്രിക് കാർ ഫാക്ടറി പ്രവർത്തിക്കുന്നത്. സൗദിയിലെ ആദ്യത്തെ ഇലക്ട്രിക് കാർ ഫാക്ടറിയും ലൂസിഡ് കമ്പനി അമേരിക്കക്ക് പുറത്ത് സ്ഥാപിക്കുന്ന ആദ്യത്തെ കാർ ഫാക്ടറിയുമാണിത്.