ബെയ്ജിംഗ്: വിമാന ഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യയും ചൈനയും ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. വ്യോമഗതാഗത ശൃംഖലകൾ വിപുലീകരിക്കുന്നതിനും ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യോമഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കരാറിൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിഎസിഎ) പ്രസിഡൻ്റ് അബ്ദുൽ അസീസ് അൽ ദൗലേജും ചൈനയിലെ സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അഡ്മിനിസ്ട്രേറ്റർ സോങ് ഷിയോങ്ങും ഒപ്പുവച്ചു.
സൗദി സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥരുടെ ചൈന സന്ദർശന വേളയിൽ ഒപ്പുവച്ച ഈ ധാരണാപത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗത മേഖലയിലെ സഹകരണത്തിൻ്റെ തുടർച്ചയെ അടയാളപ്പെടുത്തുന്നതാണ്. ആഗോള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയും ചൈനയും തമ്മിലുള്ള നിലവിലുള്ള വ്യോമഗതാഗത കരാർ പുതുക്കുന്നതിനുള്ള പ്രാരംഭ കരാറും ഇതിൽ ഉൾപ്പെടുന്നു. വ്യാപാര വിനിമയം വർദ്ധിപ്പിക്കാനും ഇരു രാജ്യങ്ങൾക്കിടയിലുള്ള സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.