റിയാദ്- മധ്യ, കിഴക്കൻ പ്രവിശ്യകളിൽ രാത്രിയിൽ താപനില ഗണ്യമായി കുറയുമെന്ന് പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽഹുസൈനി അറിയിച്ചു. രാജ്യത്തിന്റെ വടക്ക് ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ താപനിലയിൽ കുറവുണ്ടായിട്ടുണ്ട്. വരുന്ന ചൊവ്വാഴ്ച മുതൽ ക്രമാനുഗതമായി താപനിലയിൽ കുറവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
മധ്യ, കിഴക്കൻ മേഖലകളിൽ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില കുറയുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. രാത്രിയുടെ തുടക്കത്തിൽ കാലാവസ്ഥ സുഖകരമാകുമെങ്കിലും പ്രഭാതസമയത്ത് താരതമ്യേന തണുപ്പ് അനുഭവപ്പെടും. പകൽ ചൂടുള്ളതായിരിക്കും.
വടക്കൻ പ്രദേശങ്ങളും പർവതനിരകളും രാത്രിയിൽ തണുപ്പുള്ളതും പകൽ സുഖകരമായ കാലാവസ്ഥയുള്ളതുമായിരിക്കും. ഇത് പടിഞ്ഞാറൻ പ്രവിശ്യവരെ വ്യാപിക്കും. പകൽ സമയം പടിഞ്ഞാറൻ പ്രവിശ്യയിലും ചൂടുള്ളതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.