ഫലസ്തീൻ ജനതക്കെതിരെ തുടരുന്ന ഇസ്രായേലിന്റെ വംശഹത്യ നടപടിയെ ശക്തമായി അപലപിച്ച് സൗദി മന്ത്രിസഭ.
ചൊവ്വാഴ്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഫലസ്തീനിൽ തുടരുന്ന വംശഹത്യയെ ശക്തമായ ഭാഷയിൽ അപലപിച്ചത്.
ഗസ്സയിൽ ഉടനടി സുസ്ഥിര വെടിനിർത്തൽ, അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ സാധാരണക്കാരായ ജനങ്ങൾക്ക് സംരക്ഷണം എന്നീ ആവശ്യങ്ങൾ ലോകത്തിന് മുമ്പാകെ മന്ത്രിസഭ ആവർത്തിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും പ്രമേയങ്ങളുടെയും ഇസ്രായേൽ തുടരുന്ന ലംഘനങ്ങളെ സംബന്ധിച്ച് ലോകം ഉണരേണ്ടതും അതിനെതിരെ ഉത്തരവാദിത്ത സംവിധാനങ്ങൾ സജീവമാക്കേണ്ടതിന്റെയും ആവശ്യകത മന്ത്രിസഭ ഊന്നിപ്പറഞ്ഞു.