ഇസ്രായേൽ അതിക്രമത്തിൽ പൊറുതിമുട്ടുകയും സംഘർഷത്തിൽ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്ത ലബനാനിലെ ജനങ്ങൾക്ക് സഹായം തുടർന്ന് സൗദി അറേബ്യ. ദേശീയ ചാരിറ്റി ഏജൻസിയായ കിങ് സൽമാൻ സെൻറർ ഫോർ ഹ്യൂമാനിറ്റേറിയൻ റിലീഫ് സെൻററിൻറെ (കെ.എസ്. റിലീഫ്) ആഭിമുഖ്യത്തിലാണ് ദുരിതാശ്വാസ വസ്തുക്കൾ ലബനാനിലേക്ക് സൗദി അയക്കുന്നത്. 27ാമത് ദുരിതാശ്വാസ വിമാനം തിങ്കളാഴ്ച ലബനാൻ തലസ്ഥാന നഗരമായ ബെയ്റൂത്തിലെ റഫിഖ് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഭക്ഷണം, മെഡിക്കൽ, പാർപ്പിട സംവിധാനങ്ങളടങ്ങിയ വസ്തുക്കളും വഹിച്ചാണ് വിമാനം ലബനാനിലെത്തിയത്. സൽമാൻ രാജാവിൻറെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശങ്ങൾ പാലിച്ചാണ് സഹായ ദൗത്യം രാജ്യം തുടരുന്നത്.