ന്യൂഡൽഹി – ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ രണ്ടാം ദിനം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ നിരവധി കൂടിക്കാഴ്ചകൾ നടത്തി. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായി കൂടിക്കാഴ്ച നടത്തി, ഇരു നേതാക്കളും അവരവരുടെ പ്രതിനിധി സംഘത്തോടൊപ്പമാണ് കൂടിക്കാഴ്ച നടത്തിയത്.
കൂടാതെ, സൗദി കിരീടാവകാശി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വസീദുമായി ചർച്ച നടത്തി. ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. കൂടിക്കാഴ്ചകളുടെ ഭാഗമായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അർജന്റീന പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തി.
കൂടാതെ, ജി 20 ഉച്ചകോടിയുടെ ഭാഗമായി, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റുമായും ബ്രസീൽ പ്രസിഡന്റുമായും അദ്ദേഹം ചർച്ച നടത്തി.
ജി20 ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉച്ചകോടിക്ക് ശേഷം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം അദ്ദേഹം ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനം ആരംഭിക്കും, അവിടെ അവർ ഉഭയകക്ഷി ബന്ധങ്ങളും പരസ്പര താൽപ്പര്യമുള്ള കാര്യങ്ങളും ചർച്ച ചെയ്യും.
അതോടൊപ്പം സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ യോഗവും ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് സൗദി പ്രസ് ഏജൻസി (എസ്പിഎ) അറിയിച്ചു.