ജിദ്ദ – പ്രവാസി ഡെലിവറി ജീവനക്കാർക്കുള്ള യൂണിഫോം പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിലൂടെ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി പുറത്തിറക്കി. ഈ യൂണിഫോമാണ് നിർബന്ധമാക്കാനുദ്ദേശിക്കുന്നത്. പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിർദേശങ്ങൾക്കു വേണ്ടിയാണ് കരടു യൂണിഫോം പുറത്തിറക്കിയത്.
കറുത്ത പാന്റ്‌സും കറുപ്പും ഇളം പിങ്കും നിറത്തിലുള്ള ഹാഫ് കൈ ടീ ഷർട്ടുമാണ് കരടു യൂണിഫോം ആയി അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. ടീ ഷർട്ടിന്റെ മുൻവശത്തും പിൻഭാഗത്തും ഡെലിവറി ആപ്പ് കമ്പനിയുടെ എംബ്ലം സ്ഥാപിക്കാൻ സ്ഥലം നിർണയിച്ചിട്ടുണ്ട്. ടീ ഷർട്ടിന്റെ മുൻവശത്തും പിൻഭാഗത്തും മഞ്ഞ വരകളിൽ വേർതിരിച്ച ഭാഗങ്ങളിൽ ഡെലിവറി മാൻ എന്ന് അറബിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്.
പൊതു അഭിരുചിയുമായി ബന്ധപ്പെട്ട നിയമങ്ങൾക്കും നിയമാവലിക്കും അനുസൃതമായി ഡെലിവറി ഡ്രൈവർമാരുടെ രൂപം ഏകീകരിക്കാനാണ് യൂനിഫോമിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി പറഞ്ഞു. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും, വലിയൊരു വിഭാഗം പൗരന്മാർക്കും വിദേശികൾക്കും വിനോദസഞ്ചാരികൾക്കും സേവനം നൽകുന്ന ഈ സുപ്രധാന മേഖലയുടെ പൊതുവായ രൂപം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ഓൺലൈൻ ആപ്പുകൾ വഴി ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ വിദേശ ഡ്രൈവർമാർക്കും യൂനിഫോം നിർബന്ധമായിരിക്കും. ഡ്രൈവരുടെ പേരുവിവരങ്ങളും ഫോട്ടോയും അടങ്ങിയ തിരിച്ചറിയൽ കാർഡ് ധരിക്കലും നിർബന്ധമാണ്. ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന സൗദികൾക്ക് യൂനിഫോം നിർബന്ധമല്ല. എന്നാൽ പൊതുഅഭിരുചി നിയമാവലി അനുസരിച്ച വ്യവസ്ഥകളും മാനദണ്ഡങ്ങളും സൗദികൾക്ക് ബാധകമായിരിക്കുമെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി വ്യക്തമാക്കി.