റിയാദ്- സൗദി ദേശീയ പതാക താഴ്ത്തിക്കെട്ടുന്നതിനെതിരെ രാജ്യത്തെ സ്വദേശികള്‍ക്കും താമസക്കാര്‍ക്കും അറ്റോര്‍ണി ജനറല്‍ മുന്നറിയിപ്പു നല്‍കി. സൗദി ദേശീയ പതാകയില്‍ എഴുതിയിട്ടുള്ള സത്യസാക്ഷ്യ വചനവും ദൈവ നാമങ്ങളും ഒരു കാരണവശാലും തല കീഴായി ഉയര്‍ത്തുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യാന്‍ പാടില്ലായെന്നും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പരിശുദ്ധ ഖുര്‍ആന്‍ വചനങ്ങളോ രാജാവിന്റെ ചിത്രങ്ങളോ തലതിരിച്ചു പിടിക്കാന്‍ പാടില്ലായെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകള്‍ ദുഃഖാചരണത്തിന്റെ ഭാഗമായി താഴ്ത്തിക്കെട്ടാറുണ്ടെങ്കിലും സൗദി ദേശീയ പതാകയുമായി ബന്ധപ്പെട്ട നിയമാവലിയില്‍ സത്യസാക്ഷ്യ വചനം ആലേഖനം ചെയ്യപ്പെട്ടതിനാല്‍ ദേശീയ പതാക ഒരു കാരണവശാലും താഴ്ത്തരുതെന്ന് അനുശാസിക്കുന്നുണ്ട്. സൗദി സ്ഥാപക ദിനാഘോഷത്തിന് രാജ്യം തയാറെടുക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് അറ്റോര്‍ണി ജനറലിന്റെ ഈ മുന്നറിയിപ്പ്.