ജിദ്ദ – സൗദി അറേബിയയിലെ മുന്‍ ഗതാഗത മന്ത്രി ഡോ. നാസിര്‍ അല്‍സലൂം അന്തരിച്ചു. 80 വയസായിരുന്നു. മദീനയിൽ ഹിജ്‌റ 1358 ലാണ് ജനിച്ചത്. മദീനയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സിവില്‍ എന്‍ജിനീയറിംഗില്‍ ബാച്ചിലര്‍ ബിരുദം നേടി. പിന്നീട് അമേരിക്കയിലെ അരിസോന യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സിവില്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍, ഡോക്ടറേറ്റ് ബിരുദങ്ങള്‍ നേടി.
ഗതാഗത മന്ത്രാലയത്തില്‍ പദ്ധതി കാര്യ വിഭാഗം മേധാവി, അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി, സാപ്റ്റ്‌കോ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍, മക്ക, മദീന വികസന അതോറിറ്റി സെക്രട്ടറി ജനറല്‍ തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.