അറാർ- സൗദി ഇറാഖ് അംബാസഡർ സൗദി ഉത്തര അതിർത്തി പ്രവിശ്യ ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഇറാഖ് അംബാസഡർ സ്വഫിയ താലിബ് അൽസുഹൈൽ സൗദി ഉത്തര അതിർത്തി പ്രവിശ്യ ഗവർണർ ഫൈസൽ ബിൻ ഖാലിദ് ബിൻ സുൽത്താൻ രാജകുമാരനുമായാണ് കൂടിക്കാഴ്ച നടത്തിയത്.
ഉത്തര അതിർത്തി പ്രവിശ്യ ഗവർണറേറ്റ് ഓഫീസിൽ വെച്ചാണ് ഗവർണർ ഇറാഖ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയത്. പൊതുതാൽപര്യമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചക്കിടെ ഇരുവരും വിശകലനം ചെയ്തു. ഇറാഖും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ പരമാവധി സഹകരിക്കാനുമുള്ള വേദികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ഉത്തര അതിർത്തി പ്രവിശ്യ ഗവർണറേറ്റ് അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ ലബ്ദ, സുരക്ഷാ കാര്യങ്ങൾക്കുള്ള അണ്ടർ സെക്രട്ടറി ഡോ.സുൽത്താൻ അൽമുഅമ്മർ, ഗവർണറുടെ ഉപദേഷ്ടാവ് ഹസൻ അൽജാസിർ എന്നിവർ അറാറിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തു.