ബുറൈദ – ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലയിൽ 10,000 തൊഴിലുകൾ സൗദിവൽക്കരിക്കുമെന്ന് അസിസ്റ്റന്റ് ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് മന്ത്രി അഹ്മദ് അൽഹസൻ അറിയിച്ചു. പാസഞ്ചർ ട്രാൻസ്‌പോർട്ട് മേഖലയിൽ 3,000 തൊഴിലുകളും വ്യോമയാന മേഖലയിൽ 10,000 തൊഴിലുകളും സൗദിവൽക്കരിക്കാൻ പദ്ധതിയുണ്ടെന്ന് അൽഖസീം യുവജന ശാക്തീകരണ ഫോറത്തിൽ പങ്കെടുക്കവെ അദ്ദേഹം വ്യക്തമാക്കി.
ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് മേഖലയിൽ 28 തൊഴിലുകൾ സൗദിവൽക്കരിക്കാൻ ലക്ഷ്യമിടുന്നു. മാനവശേഷി വികസനവും സൗദി യുവാക്കൾക്കുള്ള തൊഴിലവസരങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഒരു കൂട്ടം പദ്ധതികളും സംരംഭങ്ങളും അംഗീകരിച്ചിട്ടുണ്ട്. ലോജിസ്റ്റിക്‌സ് മേഖലക്ക് പിന്തുണ നൽകാനാണ് സൗദിയ ലോജിസ്റ്റിക്‌സ് അക്കാദമി സ്ഥാപിച്ചത്.
സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക്‌സ് കേന്ദ്രമാക്കി മാറ്റാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആരംഭിച്ച ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് ലോജിസ്റ്റിക്‌സ് മേഖലയുടെ വളർച്ച. സമീപ കാലത്ത് 450 യുവതീയുവാക്കൾ അക്കാദമിയിൽ നിന്ന് ബിരുദം നേടി. സൗദി റെയിൽവെ പോളിടെക്‌നിക്ക് എൻജിൻ ഡ്രൈവർമാർ, മെയിന്റനൻസ്, സിഗ്നൽ, കൺട്രോൾ എന്നീ മേഖലകളിൽ സൗദി യുവാക്കളെ പരിശീലിപ്പിച്ചും റെയിൽവെയിൽ ജോലി നൽകിയും റെയിൽവെ വ്യവസായത്തെ പിന്തുണക്കുകയും പ്രാപ്തമാക്കുകയും ചെയ്യുന്നതായും അസിസ്റ്റന്റ് ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് മന്ത്രി വ്യക്തമാക്കി.