ജിദ്ദ ലോജിസ്റ്റിക് പാർക്കിൻറെ നിർമാണം പുരോഗമിക്കുന്നു. ദുബൈ ഗവൺമെൻറിൻറെ ഉടമസ്ഥതയിലുള്ള പോർട്ട് ആൻഡ് കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർ കമ്പനിയായ ഡി.പി വേൾഡും സൗദി പോർട്ട് അതോറിറ്റിയും (മവാനി) 90 കോടി റിയാൽ ചെലവിൽ ജിദ്ദ ഇസ്ലാമിക് പോർട്ടിൽ ഒരുക്കുന്ന പാർക്കിൻറെ നിർമാണം കഴിഞ്ഞമാസമാണ് ആരംഭിച്ചത്. ചരക്കുവ്യന്യാസത്തിനുള്ള സൗദി അറേബ്യയിലെ ഏറ്റവും വലിയ സംയോജിത ലോജിസ്റ്റിക് പാർക്കായിരിക്കും ഇത്.
4,15,000 ചതുശ്ര മീറ്റർ ഗ്രീൻഫീൽഡ് സൗകര്യം, 1,85,000 ചതുരശ്ര മീറ്റർ വെയർഹൗസിങ് സൗകര്യം, വിവിധ ഉദ്ദേശങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു സ്റ്റോറേജ് യാർഡ് എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ ലോജിസ്റ്റിക് പാർക്ക്.
ഒരേസമയം 3,90,000ലധികം കണ്ടെയ്നറുകൾ സൂക്ഷിക്കാൻ ശേഷിയുണ്ടായിരിക്കും. ഏറ്റവും നൂതനമായ ചരക്ക് സംഭരണ, വിതരണ സേവനങ്ങളായിരിക്കും പാർക്കിൽ ഒരുക്കുക. ഇത് ഉപഭോക്താക്കൾക്ക് ജിദ്ദയിലേക്കും പുറത്തേക്കും സുഗമമായ ചരക്കുനീക്കത്തിന് സൗകര്യപ്രദമായിരിക്കും.