മക്ക: കൊലക്കേസ് പ്രതിയായ സൗദി പൗരന്റെ വധശിക്ഷ നടപ്പിലാക്കി. മക്ക പ്രവിശ്യയിൽ വെകുന്നേരമാണ് ശിക്ഷ നടപ്പിലാക്കിയത്. സൗദി പൗരൻ ശർഖി ബിൻ ശാവൂസ് ബിൻ അഹ്മദ് അൽഹർബിയെ വെടിവച്ചു കൊലപ്പെടുത്തിയ അഹ്മദ് ബിൻ അബ്ദുല്ല ബിൻ അഹ്മദ് ആലുജാബിർ അൽഹർബിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
കേസിൽ അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചു. കൊല്ലപ്പെട്ടയാളുടെ മക്കൾക്ക് പ്രായപൂർത്തിയായതിനു ശേഷം പ്രതിയുടെ വധശിക്ഷ നടപ്പാക്കുന്നതിൽ അഭിപ്രായം അറിയിക്കുന്നതു വരെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കാൻ പിന്നീട് കോടതി ഉത്തരവിടുകയായിരുന്നു.
പ്രായപൂർത്തിയായ മക്കൾ പ്രതിക്ക് വധശിക്ഷ നൽകണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തു. ഇതോടെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവച്ചു. ശിക്ഷ നടപ്പാക്കാൻ സൽമാൻ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തു. ഇതോടെയാണ് ഇന്നലെ വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചത്.