റിയാദ്-റിയാദ് പ്രവിശ്യയിലെ ദവാദ്മിയില്‍ നിന്ന് അമവിഭരണ കാലത്തെ നാണയങ്ങള്‍ കണ്ടെടുത്തതായി സൗദി പുരാവസ്തു വകുപ്പ് അതോറിറ്റി അറിയിച്ചു. ഹിജ്‌റ വര്‍ഷം 85 ല്‍ ക്രിസ്തു വര്‍ഷം 705 ല്‍ അമവി ഭരണകാലത്ത് ഉപയോഗിച്ചിരുന്ന നാണയവും തിയ്യതി വ്യക്തമാകാത്ത അറബി ലിപികളിലുള്ള മിഥ്കാല്‍ നാണയവുമാണ് ഹല്ലീത്ത് ഹെറിറ്റേജ് മേഖലയില്‍ നിന്നു കണ്ടെത്തിയത്. ഹല്ലീത്ത് ഹെറിറ്റേജ് ഏരിയയില്‍ നടന്ന ഖനന പ്രവര്‍ത്തനങ്ങളുടെ മൂന്നാം ഘട്ടം പൂര്‍ണമായതോടെ നിരവധി പുരാതന വസ്തുക്കള്‍ കണ്ടെടുത്തിട്ടുള്ളത്.
കൂടുതല്‍ കെട്ടിടങ്ങളുടെ അവശിഷ്ടടങ്ങള്‍ മുമ്പു നടന്ന ഖനനത്തിനിടെ കണ്ടെത്തിയ വ്യവസ്ഥാപിത ചന്തയിലുണ്ടായിരുന്ന പുരാതന മസ്ജിദിനു സമീപത്തു നിന്ന് പുതുതായി കണ്ടെടുത്തിട്ടുണ്ട്. പുരാതന കാലത്ത് ഖനനാവശ്യങ്ങള്‍ക്കുപയോഗിച്ചിരുന്ന ഉരലുകള്‍, ആട്ട് കല്ല് തുടങ്ങിയവയും കണ്ടെടുത്തവയുടെ പട്ടികയിലുണ്ട്. ഖലീഫമാരുടെ കാലഘട്ടത്തിലെ ഖനികളെന്ന നിലയില്‍ പുരാവസ്തു ഗവേഷകരുടെയടുക്കല്‍ ഇവയുടെ പ്രാധാന്യം വളരെ വലുതാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ അടുത്ത കുടുംബാഗവും അനുയായിയുമായിരുന്ന സഅദ് ബിന്‍ അബീ വഖാസ് ന്റെ ചെറുമകനായിരുന്ന നജാദ് ബിന്‍ മൂസയുടെ ഉടമസ്ഥതയിലുള്ളതായിരുന്നതിനാല്‍ നജാദ് ഖനിയെന്ന പേരിലാണ് ഈ പ്രദേശം ചരിത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.