റിയാദ്- സൗദി തൊഴിൽ വിപണിയുടെ ക്വാളിറ്റി വർധിപ്പിക്കുന്നതിന്റെ ഭാഗമായി മാനവശേഷി വികസന തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച വിദേശ തൊഴിലാളികളുടെ പ്രൊഫഷൻ പരീക്ഷകളിൽ ഇതുവരെ ഒന്നേകാൽ ലക്ഷം പേർ യോഗ്യത നേടിയതായി സൗദി മാനവ ശേഷി വികസന മന്ത്രാലയം അറിയിച്ചു.
രണ്ട് ട്രാക്കുകളിലായി രാജ്യത്തിനകത്തും പുറത്തുമുള്ള പ്രൊഫഷൻ പരിശോധന കേന്ദ്രങ്ങളിലൂടെ ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാലു രാജ്യങ്ങളിൽ നിന്നുള്ള 9 പ്രൊഫഷനുകളിലുള്ള തൊഴിലാളികളാണ് പരീക്ഷ എഴുതിയത്. ഇതിനായി വിവിധ പ്രവിശ്യകളിൽ 50 സെന്ററുകളും വിദേശത്ത് 56 ഔദ്യോഗിക സെന്ററുകളും ഒരുക്കിയത്. വിദേശ സെന്ററുകളിലൂടെ 23,000 തൊഴിലാളികളാണ് തൊഴിൽ പരീക്ഷ പൂർത്തിയാക്കി യോഗ്യത നേടിയിരിക്കുന്നത്. ഇവരിൽ 6300 പേർ സൗദി തൊഴിൽ മാർക്കറ്റിൽ പ്രവേശിച്ചു കഴിഞ്ഞു. വിദേശ തൊഴിലാളികളുടെ പ്രൊഫഷൻ ഉറപ്പു വരുത്തുകയും അതനുസരിച്ച് തൊഴിലാളികൾ യോഗ്യത നേടുകയും ചെയ്തിരിക്കുന്നുവെന്ന് ഉറപ്പു വരുത്തി സൗദി തൊഴിൽ വിപണി കാര്യക്ഷമമാക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.
2021 ലായിരുന്നു വിദേശ തൊഴിലാളികളുടെ യോഗ്യതാ പരീക്ഷകൾ ആരംഭിച്ചത്. വിവിധ തൊഴിലുകളിലേക്ക് യോഗ്യത നേടുകയും തൊഴിൽ പരിചയം സിദ്ധിക്കുകയും ചെയ്തവരെ മാത്രം കടന്നുവരാൻ അനുവദിച്ച് മറ്റുള്ളവരുടെ തള്ളിക്കയറ്റത്തിനു തടയിടുകയും ചെയ്യുന്നതിനു വേണ്ടി സൗദി തൊഴിൽ വിപണിയിലെത്തുന്നതിനു മുമ്പ് തന്നെ തൊഴിലാളികളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ സൗദി വിദേശകാര്യ വകുപ്പിന്റെ മേൽനോട്ടത്തിൽ പരിശോധിക്കുന്നതിനുള്ള പ്രോഗ്രാമും ഇതിനകം ആരംഭിച്ചതായും സൗദി മാനവ ശേഷി വികസന മന്ത്രാലയം വ്യക്തമാക്കി. പരീക്ഷകൾ നടക്കുന്ന പ്രൊഫഷനുകൾ താഴെ പറയുന്നവയാണ്.ഇലക്ട്രീഷ്യൻ, പ്ലംബർ, കാർ ഇലക്ട്രീഷ്യൻ, വാഹന മെക്കാനിക്ക്, റെഫ്രിജറേഷൻ, വെൽഡർ, ബിൽഡിംഗ് കാർപെന്റർ, പെയിന്റർ, കാർ പെയിന്റർ തുടങ്ങിയ പ്രൊഫഷനുകളിലെത്തുന്നവർക്കാണ് പരീക്ഷകൾ നടത്തുന്നത്.