റിയാദ്: സൗദി അറേബ്യക്കും ഖത്തറിനുമിടയിൽ കരാതിർത്തികൾ വഴിയുള്ള യാത്രാ നടപടികൾ എളുപ്പമാക്കാൻ ഇരു രാജ്യങ്ങളും കരാർ ഒപ്പുവെച്ചു. റിയാദിൽ സൗദി ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തു വെച്ച് സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരനും ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽഥാനിയും നടത്തിയ ചർച്ചയിലാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സഞ്ചരിക്കുന്നവരുടെ യാത്രാ നടപടികൾ എളുപ്പമാക്കാൻ ലക്ഷ്യമിട്ടുള്ള കരാർ ഒപ്പുവെച്ചത്.
സൗദി, ഖത്തർ അതിർത്തിയിൽ സൗദി ഭാഗത്തുള്ള സൽവ അതിർത്തി പോസ്റ്റിലും ഖത്തർ ഭാഗത്തുള്ള അബൂസംറ അതിർത്തി പോസ്റ്റിലും യാത്രാ നടപടികൾ എളുപ്പമാക്കാനുള്ള കരാറിൽ സൗദി ജവാസാത്ത് മേധാവി ജനറൽ സുലൈമാൻ അൽയഹ്‌യയും ഖത്തർ ജവാസാത്ത് മേധാവി മേജർ ജനറൽ മുഹമ്മദ് അൽദോസരിമാണ് ഒപ്പുവെച്ചത്. സൗദി, ഖത്തർ ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിലെ സുരക്ഷാ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് മന്ത്രിമാർ വിശകലനം ചെയ്തു.