ജിദ്ദ – ഈ വർഷം ആദ്യ പാദത്തിൽ തന്നെ സൗദി ടെലികോമിന് 310 കോടി റിയാലിന്റെ ലാഭനേട്ടം. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ കമ്പനി ലാഭം 2.24 ശതമാനം തോതിൽ വർധിച്ചു. ആദ്യ പാദത്തെ ലാഭവിഹിതമായി ഓഹരിയുടമകൾക്ക് 199 കോടി റിയാൽ എസ്.ടി.സി വിതരണം ചെയ്യും. ഓഹരിയൊന്നിന് 0.40 റിയാൽ തോതിലാണ് ലാഭവിഹിതം വിതരണം ചെയ്യുക.
സൗദിയിലെ മറ്റൊരു ടെലികോം കമ്പനിയായ സെയ്ൻ ഈ വർഷം ആദ്യ പാദത്തിൽ 240 കോടി റിയാൽ വരുമാനം നേടിയിരുന്നു. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ സെയ്ൻ വരുമാനം 11 ശതമാനം തോതിൽ വർധിച്ചു. ആദ്യ പാദത്തിൽ കമ്പനി 56.3 കോടി റിയാൽ ലാഭം നേടി. ലാഭത്തിൽ 595 ശതമാനം വളർച്ച രേഖപ്പെടുത്തി. സെയ്ൻ കമ്പനിയുടെ ചരിത്രത്തിൽ ഒരു പാദത്തിൽ നേടുന്ന ഏറ്റവും ഉയർന്ന ലാഭമാണിത്.
സൗദി ഇലക്ട്രിസിറ്റി കമ്പനി ഇക്കഴിഞ്ഞ പാദത്തിൽ 48 കോടി റിയാൽ അറ്റാദായം നേടി. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ കമ്പനി ലാഭം 151.7 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ ലാഭം 68 ശതമാനം തോതിൽ കുറഞ്ഞു. മൂന്നു മാസത്തിനിടെ കമ്പനി ആകെ 1340 കോടി റിയാൽ വരുമാനം നേടി. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തിൽ വരുമാനം 1350 കോടി റിയാലായിരുന്നു. വരുമാനത്തിൽ ഒരു ശതമാനം കുറവ് രേഖപ്പെടുത്തി.