ജിദ്ദ: സൗദിയിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് അബ്ഷിർ വഴി പ്രിന്റ് ഡിജിറ്റൽ ഡോക്യുമെന്റ് എടുക്കുന്നതിനുള്ള മാർഗം ജവാസാത്ത് വ്യക്തമാക്കി. ചില ലളിതമായ സ്റ്റെപ്പുകളിലൂടെ സന്ദർശകർക്ക് അബ്ഷിർ വഴി പ്രിന്റ് എടുക്കാം. അബ്ഷിറിൽ പ്രവേശിച്ച ശേഷം സർവീസ്, ജനറൽ സർവീസ്, അബ്ഷിർ റിപ്പോർട്ട് എന്നീ വിൻഡോകളിലൂടെ പ്രവേശിച്ച് വിസിറ്റേഴ്‌സ് റിപ്പോർട്ട് എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ പ്രിന്റ് (ഡിജിറ്റൽ ഡോക്യുമെന്റ്) എടുക്കാവുന്നതാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ഷിറും മുഖീം പോർട്ടലും വഴി ജവാസാത്ത് ഡയറക്ടറേറ്റ് എട്ടു ഓൺലൈൻ സേവനങ്ങൾ കൂടി പുതുതായി ആരംഭിച്ചിരുന്നു.
ഇതിന് പുറമെ, പാസ്‌പോർട്ട് നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്തതിനെ കുറിച്ച് അറിയിക്കൽ, സന്ദർശകർക്കുള്ള ഡിജിറ്റൽ ഡോക്യുമെന്റ്, മുഖീം റിപ്പോർട്ട്, വിസിറ്റർ റിപ്പോർട്ട് എന്നീ നാലു സേവനങ്ങളാണ് അബ്ശിറിൽ പുതുതായി ആരംഭിച്ചത്. തിരിച്ചറിയൽ കാർഡിൽ വിവർത്തനം ചെയ്ത പേരിലെ തിരുത്തൽ, ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് അറിയിക്കൽ, വിസകളെ കുറിച്ച അന്വേഷണവും വെരിഫിക്കേഷനും, തൊഴിലുടമകൾക്കുള്ള അലെർട്ടുകൾ എന്നീ നാലു സേവനങ്ങൾ മുഖീം പോർട്ടലിലും പുതുതായി ആരംഭിച്ചിട്ടുണ്ട്.
ഇതോടെ സന്ദർശന വിസയിൽ എത്തുന്നവർ പാസ്‌പോർട്ട് കൈവശം വെക്കേണ്ട ആവശ്യം. ഇല്ലാതാകും. അബ്ഷിറിൽ ആരംഭിച്ച വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി സേവനത്തിലൂടെയാണിത്. സന്ദർശന വിസയിൽ സൗദിയിലെത്തുന്നവരുടെ രാജ്യത്തിനകത്തെ യാത്രകളും ഇടപാടുകളും എളുപ്പമാക്കാനാണ് വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡിയിലൂടെ ലക്ഷ്യമിടുന്നത്.