ജിദ്ദ – വിവേചനത്തിലേക്കും ശത്രുതയിലേക്കും അക്രമത്തിലേക്കും പ്രേരിപ്പിക്കുന്ന മതവിദ്വേഷം തടയുന്ന കരടു പ്രമേയം യു.എൻ മനുഷ്യാവകാശ കൗൺസിൽ അംഗീകരിച്ചതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. സൗദി അറേബ്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ശക്തമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് കരടു പ്രമേയം അംഗീകരിച്ചത്.
മതങ്ങളെയും സംസ്‌കാരങ്ങളെയും മാനിക്കുന്ന തത്വങ്ങളുടെയും, അന്താരാഷ്ട്ര നിയമം ഉറപ്പുനൽകുന്ന മാനുഷിക മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും മൂർത്തീകരണമാണ് പ്രമേയം അംഗീകരിച്ച യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ നടപടി. സംവാദം, സഹിഷ്ണുത, മിതവാദം എന്നിവയെ പിന്തുണക്കാനും വിദ്വേഷവും തീവ്രവാദവും പ്രചരിപ്പിക്കുന്ന വിനാശകരമായ എല്ലാ പ്രവർത്തനങ്ങളെയും നിരസിക്കാനുമുള്ള ശ്രമങ്ങൾ തുടരുമെന്നും സൗദി അറേബ്യ വ്യക്തമാക്കി.