ജിദ്ദ – സൗദിയ ഗ്രൂപ്പിൽ പൈലറ്റ് തസ്തികകൾ പൂർണമായും സൗദിവൽക്കരിക്കുന്നു. സൗദിയ ഗ്രൂപ്പ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജനറലും ഗ്രൂപ്പ് വക്താവുമായ അബ്ദുല്ല അൽശഹ്‌റാനിയാണ് ഇക്കാര്യം അറിയിച്ചത്.
ഗ്രൂപ്പിനു കീഴിലെ കോ-പൈലറ്റ് തസ്തികകൾ ഇതിനകം പൂർണമായും സൗദിവൽക്കരിച്ചിട്ടുണ്ട്. വരുന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ സ്വദേശികൾക്ക് പതിനായിരത്തിലേറെ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ഗ്രൂപ്പ് സ്ട്രാറ്റജി ലക്ഷ്യമിടുന്നു. പൈലറ്റുമാർ, ക്യാബിൻ ജീവനക്കാർ, മെയിന്റനൻസ് ടെക്‌നീഷ്യന്മാർ, കാർഗോ, ലോജിസ്റ്റിക്‌സ് സേവന മേഖലാ വിദഗ്ധർ എന്നിയുൾപ്പെടെ വ്യോമയാന മേഖലയിൽ ഗുണനിലവാരമുള്ള ജോലികൾ സ്വദേശികൾക്ക് ലഭ്യമാക്കാനാണ് ശ്രമം.
വ്യോമയാന സേവനങ്ങൾ, കാർഗോ, ലോജിസ്റ്റിക്‌സ് സേവനങ്ങൾ, മെയിന്റനൻസ്, വ്യോമയാന പരിശീലനം എന്നിവ അടക്കമുള്ള മേഖലകളിൽ എല്ലാ അനുബന്ധ കമ്പനികളും സംയോജിത സംവിധാനത്തോടെ പ്രവർത്തിച്ച് വ്യോമയാന സേവനങ്ങൾ നൽകാൻ ശ്രമിച്ച് സൗദിയ ഗ്രൂപ്പിന്റെ പുതിയ ഐഡന്റിറ്റി കഴിഞ്ഞ വർഷം ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഒപ്പുവെച്ച കരാറുകൾ പ്രകാരം പുതിയ വിമാനങ്ങൾ സ്വീകരിക്കുന്നത് സൗദിയ തുടരുകയാണ്. പുതിയ വിമാന ഇടപാടുകളിൽ ഒരു ഭാഗം സമീപ കാലത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. വൻകിട വിമാന ഇടപാട് വൈകാതെ പരസ്യപ്പെടുത്തും.