റിയാദ്: സ്വകാര്യ സ്‌കൂൾ ബസിൽ ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ റിയാദിലാണ് സംഭവം. ബദർ ബിൻ മുഹമ്മദ് അൽ ഹലഫി ആണ് അപകടത്തിൽ മരിച്ചത്. 13 വയസായിരുന്നു. പരീക്ഷ കഴിഞ്ഞ് കുട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അൽ അസീസിയ ജില്ലയിലായിരുന്നു സംഭവം.
മിഡിൽ സ്‌കൂൾ രണ്ടാം വർഷ വിദ്യാർഥിയായ ബദർ, ബസിന്റെ ഡോറിൽ ചാരിനിൽക്കുകയായിരുന്നു. ഡോർ പെട്ടെന്ന് തുറന്നതിനെ തുടർന്നാണ് കുട്ടി പുറത്തേക്ക് വീണ് ടയറിനടിയിൽ കുടുങ്ങിയത്. യെമൻ പൗരനാണ് വാഹനം ഓടിച്ചിരുന്നത്. ഇയാൾ ആവശ്യമായ സുരക്ഷാ നടപടികൾ പാലിച്ചില്ലെന്ന് പോലീസ് വ്യക്തമാക്കി.
ഡ്രൈവർക്കാണ് അപകടത്തിന്റെ പൂർണ ഉത്തരവാദിത്തമെന്ന് ട്രാഫിക് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.
 
								 
															 
															 
															 
															







