റിയാദ് – വേനലധിക്ക് ശേഷം സൗദിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകൾ ഈ മാസം 20 ന് തുറക്കാനിരിക്കെ, അടുത്ത വെള്ളിയാഴ്ചയിലെ ജുമുഅ പ്രഭാഷണത്തില്‍ വിദ്യാഭ്യാസത്തെ കുറിച്ചു പ്രതിപാദിക്കാന്‍ രാജ്യത്ത മസ്ജിദുകളിലെ ഇമാമുമാരോടും സൗദി ഇസ്‌ലാമിക കാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലു ശൈഖ് അഭ്യര്‍ഥിച്ചു.
ഭൗതിക-ആത്മീയ വിജ്ഞാനത്തിൽ വിദ്യ നേടുന്നത് ആത്മാര്‍ത്ഥതയോടെയും സദുദ്ദേശ്യത്തോടെയും ആയിരിക്കണം. വ്യക്തിക്കും കുടുംബത്തിനും പ്രയോജനകരമായ വിദ്യാഭ്യാസമാണ് പഠനത്തിലൂടെ വിദ്യാര്‍ഥികള്‍ ലക്ഷ്യം വെക്കേണ്ടത്. വിജ്ഞാനമാര്‍ജിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്ന ഖുര്‍ആന്‍ വചനങ്ങളും മുഹമ്മദ് നബിയുടെ വചനങ്ങളും വിശ്വാസികള്‍ക്ക് വിവരിച്ചു കൊടുക്കണം. വിദ്യാഭ്യാസ രംഗത്ത് ശക്തമായ പരിശ്രമത്തിലൂടെ മുന്നേറാന്‍ വിദ്യാര്‍ഥികളെ ഉണര്‍ത്തിയ ആലുശൈഖ് കൃതിനിഷ്ഠയും ശുഷ്‌കാന്തിയുമുള്ളവരായി മാറാന്‍ വിദ്യാര്‍ഥികളെ ഉപദേശിച്ചു.
വിദ്യാഭ്യാസ ഗുണനിലവാരമുയര്‍ത്തുന്നതിനുവേണ്ടി രക്ഷാകര്‍ത്താക്കളും അധ്യാപകരും വിദ്യാര്‍ഥികളെ സഹായിക്കുകയും സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹസൃഷ്ടിയെന്ന ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തവരാണ് തങ്ങളെന്ന ബോധത്തോടെ വിദ്യാഭ്യാസരംഗത്തു പ്രവര്‍ത്തിക്കുകയും അതിനാവശ്യമായ പാഠങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നു നല്‍കുകയും വേണമെന്ന് പ്രസ്താവനയിലൂടെ ഡോ. അബ്ദുല്ലത്തീഫ് ആലു ശൈഖ് ആവശ്യപ്പെട്ടു.