റിയാദ്: സൗദിയിൽ അടിയന്തര ഘട്ടങ്ങളിൽ സ്‌കൂളുകൾക്ക് അവധി നൽകുന്നതിന് സ്‌കൂൾ പ്രിൻസിപ്പൽമാർക്ക് തീരുമാനം എടുക്കാമെന്ന് വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രാദേശികമായുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങൾ, സ്‌കൂളുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ എന്നിവക്ക് പ്രിൻസിപ്പൽമാർക്ക് അവധിയോ അർധാവധിയോ പ്രഖ്യാപിക്കാൻ മന്ത്രാലയത്തിന്റെ പുതിയ നിയമം അനുമതി നൽകുന്നു.
സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം പൊതുമാനദണ്ഡം പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നതിനുള്ള കാരണങ്ങളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചത്.
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പരിധിയിൽ ഉൾപ്പെടുന്നതാണ് ഒന്നാമത്തേത്. മേഖലയിലെയോ ഗവർണറേറ്റിലെയോ എല്ലാ വിദ്യാർഥികൾക്കും പൊതുവായി ബാധിക്കുന്ന കാര്യങ്ങളിൽ തീരുമാനമെടുക്കുക ഡയറക്ടറായിരിക്കും. എന്നാൽ ഏതെങ്കിലും പ്രത്യേക സ്‌കൂളുമായി മാത്രം ബന്ധപ്പെട്ടതാണെങ്കിൽ ഡയറക്ടറുടെ അനുമതിയോടെ പ്രിൻസിപ്പലിന് തീരുമാനമെടുക്കാൻ നിയമം അനുമതി നൽകുന്നു.
കാലാവസ്ഥാ പ്രതിഭാസങ്ങൾ, സ്‌കൂളുകളിലേക്ക് മാർഗ്ഗതടസ്സം, അപകടകരമായ പകർച്ച വ്യാധികൾ, റോഡുകൾ അടച്ചിടുന്ന നിർബന്ധിത അവസ്ഥ, രാജ്യം ആതിഥേയത്വം വഹിക്കുന്ന ഔദ്യോഗിക സന്ദർശനങ്ങൾ എന്നിവ പൊതുവിദ്യഭ്യാസ ഡയറക്ടറുടെ പരിധിയിൽ ഉൾപ്പെടും.
വൈദ്യുതി, വെള്ളം എന്നിവയുടെ മുടക്കം, സ്‌കൂൾ കെട്ടിടത്തിന്റെ അടിയന്തിര അറ്റകുറ്റപ്പണി, സുരക്ഷാ പ്രശ്‌നങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ പ്രിൻസിപ്പലിനും തീരുമാനമെടുക്കാമെന്ന് മന്ത്രാലയം വിശദീകരിച്ചു.