ജിദ്ദ: സീ ടാക്സി നിരക്കുകളിൽ പ്രത്യേക നിരക്ക് ഇളവ് പ്രഖ്യാപിച്ച് ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി. ഈദുൽ ഫിത്ർ പ്രമാണിച്ചാണ് നടപടി. 25 റിയാലായാണ് ടിക്കറ്റ് നിരക്ക് കുറച്ചത്. ജിദ്ദ യാച്ച് ക്ലബിനെയും ഹിസ്റ്റോറിക് ജിദ്ദ ഡിസ്ട്രിക്റ്റിനെയും ബന്ധിപ്പിക്കുന്ന കടൽ ടാക്സി റൂട്ടിൽ മാർച്ച് 23 മുതൽ ഏപ്രിൽ 3 വരെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.
മുൻപ് റമദാനിൽ 25 റിയാൽ മുതൽ 50 റിയാൽ വരെയായിരുന്നു നിരക്ക് ഈടാക്കിയിരുന്നത്. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി യാത്ര ചെയ്യാം. നഗരത്തിലെ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സമുദ്ര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിപുലമായ പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം. പ്രതിദിനം 29,000 യാത്രക്കാരെ ഉൾക്കൊള്ളുന്ന 20 ആധുനിക കടൽ ടാക്സി സ്റ്റേഷനുകൾ വികസിപ്പിക്കാനുള്ള പദ്ധതികൾ ജിദ്ദ മേയർ സലേഹ് അൽ തുർക്കി നേരത്തെ പ്രഖ്യാപിച്ചിരുന്നു.