റിയാദ്- സെൽഫ് സർവ്വീസ് കാബിനുകൾ വഴി എൽപിജി ഗ്യാസ് സർവ്വീസ് ലഭ്യമാക്കുന്നതിനുള്ള പ്രഥമ ലൈസൻസ് നൽകിയതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു. വിഷൻ 2030 ന്റെ ഭാഗമായാണ് കാബിനുകൾ വഴി ഗ്യാസ് സിലിണ്ടറുകളും റീ ഫില്ലിംങ്ങും നടത്താനുള്ള സൗകര്യമൊരുക്കുന്നത്.
രാജ്യത്തെ പെട്രോൾ സ്റ്റേഷനുകൾ വൻകിട സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ കാബിൻ സൗകര്യങ്ങൾ വൈകാതെ ലഭ്യമാക്കും. ഗ്യാസ് ഫില്ലിംഗ് സ്റ്റേഷനുകളിൽ നൽകിയിരുന്നത് പോലെ പുതിയ സിലിണ്ടറുകൾ വിൽക്കുക, പഴയതു നിറച്ചു കൊടുക്കുക, അനുബന്ധ ഉപകരണങ്ങൾ ലഭ്യമാക്കുക തുടങ്ങിയ സർവീസുകളെല്ലാം കാബിനുകളിലുമുണ്ടാകും. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സൗകര്യം നൽകുന്നതിനായി കാബിനുകളും സ്മാർട്ട് ഫോണുകളുമായും ലിങ്ക് ചെയ്യുന്നതിനുള്ള സർവ്വീസുകളും ഇവയോടൊപ്പുമുണ്ടാകും. ലിക്വിഡ് ഗ്യാസ് വിപണിയിൽ കാര്യമായ മത്സരമുണ്ടാക്കുന്നതിനും ആഭ്യന്തര വിദേശ നിക്ഷേപകരെ ഈ മേഖലയിൽ മുതൽ മുടക്കുന്നതിനു പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് നൂതന സംവിധാനങ്ങൾ ഈ മേഖലയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനത്തോടൊപ്പം സുരക്ഷയും നൽകുക തുടങ്ങിയ മാറ്റങ്ങളും ഉൾക്കൊള്ളുന്നതാണ് പരിഷ്‌കാരങ്ങൾ, കാബിനുകൾ വഴിയുള്ള ഗ്യാസ് വിതരണത്തിന് വ്യവസായ സംരംഭകരെ സ്വാഗതം ചെയ്യുന്നതായി ഇതു സംബന്ധച്ച പ്രസ്താവനക്കൊപ്പം സൗദി ഊർജ മന്ത്രലയം വ്യക്തമാക്കിയിട്ടുമുണ്ട്.