സൗദിയിൽ അനധികൃതമായി വിറകും കരി ഉൽപന്നങ്ങളും വിൽപ്പന നടത്തിയ ഏഴ് വിദേശികൾ പിടിയിലായി. രാജ്യം ശൈത്യത്തിലേക്ക് കടന്നതോടെ പരിസ്ഥിതി ജല, കൃഷി മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
അനുമതിയില്ലാതെ മരം മുറിക്കുന്നതും വിറക് ഉൽപാദിപ്പിക്കുന്നതും വിപണനം ചെയ്യുന്നതും സൗദിയിൽ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പാരിസ്ഥിതിക നിയമലംഘനങ്ങൾ തടയുന്നതിന് പരിശോധന ശക്തമാക്കിയിരിക്കുകയാണ് സൗദി പരിസ്ഥിതി ജല കൃഷി മന്ത്രാലയം.
രാജ്യം ശൈത്യത്തിലേക്ക് കടന്നതോടെ അനധികൃതമായി മരം മുറിക്കുന്നതും വിറക് ഉൽപാദിപ്പിക്കുന്നതും വിപണനം നടത്തുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. മക്ക പ്രവിശ്യയിൽ നടത്തിയ പരിശോധനയിലാണ് വിദേശികൾ പിടിയിലായതായി മന്ത്രാലയം വെളിപ്പെടുത്തിയത്.
നാല് സുഡാൻ പൗരൻമാരും മൂന്ന് ഈജിപ്ഷ്യൻ സ്വദേശികളുമാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 115 ക്യുബിക് മീറ്ററിലധികം പ്രാദേശിക വിറകും കരിയും പിടിച്ചെടുത്തു. തുടർ നടപടിക്കായി ഇവരെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.
ഇത്തരം നിയമ ലംഘനങ്ങൾക്ക് സൗദിയിൽ കടുത്ത ശിക്ഷയും പിഴയുമാണ് ലഭിക്കുക. വിറക് ഉൽപന്നങ്ങൾക്ക് ക്യുബിക് മീറ്ററിന് പതിനാറായിരം റിയാൽ വീതം പിഴ ചുമത്തും. ഒപ്പം ജയിൽ ശിക്ഷയും. വിദേശിയാണെങ്കിൽ നാടുകടത്തുകയും ചെയ്യും.