ദമാം: സൗദിയിൽ വാഹനാപകടം. ബന്ധുക്കളെ കാണാൻ ജിസാനിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട സൗദി കുടുംബത്തിന്റെ കാർ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏഴു പേർ മരിച്ചു. ജിസാൻ നിവാസികളായ സൗദി പൗരനും ഭാര്യയും അഞ്ചു മക്കളുമാണ് മരണപ്പെട്ടത്. അൽഹസയിലെ ഖുറൈസ് റോഡിലാണ് വാഹനാപകടം ഉണ്ടായത്. സൗദി പൗരൻ അലി ബിൻ മുഹമ്മദ് ബിൻ അവാക് ഹദാദി, ഭാര്യ ഐശ് ബിൻത് അഹ്മദ് ബിൻ അലി ഹദാഹി, ഇവരുടെ മക്കളായ മുഹമ്മദ്, ഹുസാം, ജൂരി, ജൈദാ, ജിയാൻ എന്നിവരാണ് മരണപ്പെട്ടത്.
ട്രക്ക് നിയന്ത്രണം വിട്ട് കാറിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ നിശ്ശേഷം തകർന്നു. ബന്ധപ്പെട്ട വകുപ്പുകൾ മേൽനടപടികൾ സ്വീകരിച്ച് മൃതദേഹങ്ങൾ ഉറൈറ പ്രിൻസ് സുൽത്താൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.