റിയാദ്: രാജ്യത്ത് ഏഴ് തേൻ ഉത്പാദന കേന്ദ്രങ്ങൾകൂടി സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ. മക്ക ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് തേൻ ഉത്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കുക. പദ്ധതി നടപ്പാക്കുന്നത് സൗദി പരിസ്ഥിതി ജല കാർഷിക മന്ത്രാലയമാണ്. കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുക അടുത്ത വർഷത്തോടെയായിരിക്കും.
നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്നത് നാല് തേൻ ഉത്പാദന കേന്ദ്രങ്ങളാണ്. അബഹ, അൽബാഹ, ഖസിം, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ കേന്ദ്രങ്ങളുള്ളത്. മക്ക, മദീന, ജീസാൻ, അസീർ, ഹാഇൽ, തബൂക്ക്, നജ്റാൻ തുടങ്ങിയ ഇടങ്ങളിലായിരിക്കും പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുക. തേനീച്ച കൂടുകൾ സ്ഥാപിച്ച് തേനീച്ചകളെ ഇവിടെ സംരക്ഷിക്കും. ഈ വർഷം അവസാനത്തോടെ ഉത്പാദന കേന്ദ്രങ്ങളുടെ പണി പൂർത്തിയാകും. അടുത്ത വർഷത്തോടെയാകും തേനുത്പാദനം ആരംഭിക്കുന്നത്.
രാജ്യത്ത് ഓരോ വർഷവും 13 ലക്ഷത്തിലധികം തേനീച്ച കൂടുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്. 25,644 ലൈസൻസുള്ള കർഷകർ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. 5,832 ടൺ തേനാണ് വാർഷിക ഉത്പാദനം, സിദ്ര്, തൽഹ്, സമ്ര് തുടങ്ങി 20 തരം തേനുകളാണ് നിലവിൽ രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. തേനീച്ച വളർത്തൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് രോഗ നിർണായ ലബോറട്ടറികളും എട്ട് മൊബൈൽ ക്ലിനിക്കുകളും പ്രവർത്തിക്കുന്നുണ്ട്.