റിയാദ്- ദമാമിലെ കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് പുതിയ എസ്.ഐ.ജി ഷിപ്പിംഗ് സർവീസിലേക്ക് ഓഷ്യൻ നെറ്റ്‌വർക്ക് എക്‌സ്പ്രസ്, സമുദ്ര ഷിപ്പിംഗ് ലൈൻ ലിമിറ്റഡ് എന്നിവയെ കൂടി ഉൾപെടുത്തിയതായി ജനറൽ തുറമുഖ അതോറിറ്റി ‘മവാനി’ അറിയിച്ചു.
ദമാം തുറമുഖത്തിന്റെ രണ്ട് കണ്ടെയ്‌നർ ടെർമിനലുകളുടെ ഓപ്പറേറ്റർ ആയ സൗദി ഇന്റർനാഷണൽ പോർട്ട് കമ്പനിയുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ പദ്ധതി വഴി സൗദി അറേബ്യയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ചരക്ക് നീക്കം സുഗമമാകും.
ഇന്ത്യയിൽ കൊച്ചി, ജവഹർലാൽ നെഹ്രു (നവ ശിവ), മുദ്ര, ശ്രീലങ്കയിലെ കൊളംബോ, യു.എ.ഇയിലെ ജബൽ അലി, സിംഗപ്പൂർ തുറമുഖങ്ങൾ ദമാം തുറമുഖവുമായി പുതിയ ഷിപ്പിംഗ് സർവീസ് വഴി ബന്ധിപ്പിക്കും. ഇതിന്റെ ഭാഗമായി 2700 സ്റ്റാൻഡേർഡ് കണ്ടെയ്‌നർ ശേഷിയുള്ള കപ്പൽ പ്രതിവാര സർവീസ് നടത്തും. ദേശീയ ഗതാഗത, ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ആഗോള ലോജിസ്റ്റിക് കേന്ദ്രമായും മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കേന്ദ്രമായും സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കുക, പ്രധാന ആഗോള ഷിപ്പിംഗ് ലൈനുകളുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ഇതുവഴി സൗദി ലക്ഷ്യമിടുന്നത്.
19 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദമാമിലെ കിംഗ് അബ്ദുൽ അസീസ് തുറമുഖത്തിന്റെ നേട്ടം വർധിപ്പിക്കുന്നതാണ് പുതിയ സേവനം. ഭീമൻ കപ്പലുകളെ സ്വീകരിക്കാനുള്ള 43 ബെർത്തുകൾ, കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കുന്ന ആധുനിക ഉപകരണങ്ങൾ എന്നിവ ഇവിടെയുണ്ട്. ഈ തുറമുഖത്തിന്റെ ശേഷി 105 ദശലക്ഷം ടൺ ആണ്.