റിയാദ് – സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (MHRSD) ഈജിപ്തിൽ നൈപുണ്യ പരിശോധന പ്രോഗ്രാമിന്റെ (SVP) ആദ്യ ഘട്ടം ആരംഭിച്ചു.
ഇതിന്റെ ഭാഗമായി ഈജിപ്തിലെ മാൻപവർ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഈജിപ്തിലും സൗദി അറേബ്യയിലും നൈപുണ്യ പരീക്ഷാ സംവിധാനം നടപ്പിലാക്കി. പ്രൊഫഷണൽ തൊഴിലാളികളുടെ കാര്യക്ഷമതയും സൗദി തൊഴിൽ വിപണിയിൽ നൽകുന്ന പ്രൊഫഷണൽ സേവനങ്ങളുടെ ഗുണനിലവാരവും ഉയർത്തുന്നതിനായാണ് പ്രോഗ്രാം ആരംഭിച്ചത്.
പ്ലംബർ, ഇലക്ട്രീഷ്യൻ, വെൽഡർ, ഓട്ടോമൊബൈൽ മെക്കാനിക്ക്, കാർപെന്റർ തുടങ്ങി അഞ്ച് പ്രൊഫഷനുകളെയാണ് പ്രോഗ്രാമിന്റെ എക്സ്റ്റേണൽ ട്രാക്കിന്റെ ആദ്യ ഘട്ടത്തിൽ നൈപുണ്യ പരിശോധനയ്ക്കായി തിരഞ്ഞെടുത്തത്. പ്രോഗ്രാമിന്റെ വരും ഘട്ടങ്ങളിൽ മറ്റ് പ്രൊഫഷണൽ മേഖലകളെ കൂട്ടിച്ചേർക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിരവധി രാജ്യങ്ങളിൽ പ്രോഗ്രാം സജീവമാക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി ആരംഭിച്ചത്. 2022 സെപ്റ്റംബറിൽ സൗദി വിദഗ്ധ തൊഴിലാളികളുടെ പദ്ധതി പാകിസ്ഥാനിൽ ആദ്യം ആരംഭിച്ചിരുന്നു. പാകിസ്താന് പിന്നാലെ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും പദ്ധതി ആരംഭിച്ചു.