ദമ്മാം: സൗദിയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തിൽ വൻ വർധനവ് . രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണം 12.5 ലക്ഷം കടന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ വർഷം മൂന്നാം പാദത്തിലെ കണക്കുകളിലാണ് വർധന രേഖപ്പെടുത്തിയത്. സ്മോൾ ആന്റ് മീഡിയം എന്റർപൈസസ് ജനറൽ അതോറിറ്റി(മുൻഷആതാണ്) റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
നടപ്പ് സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തിൽ 3.5 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. രാജ്യത്തെ ആകെ സംരംഭങ്ങളുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തി എഴുപതിനായിരം കവിഞ്ഞതായി അതോറിറ്റി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ- 43 ശതമാനം.
മക്ക പ്രവിശ്യയിൽ 18.3 ശതമാനവും കിഴക്കൻ പ്രവിശ്യയിൽ 10.8 ശതമാനവും സ്ഥാപനങ്ങൾ പ്രവർത്തിച്ച് വരുന്നുണ്ട്. 11 ലക്ഷം മൈക്രോ സംരംഭങ്ങളും 1.51 ലക്ഷം ചെറുകിട സംരംഭങ്ങളും 18,000 ഇടത്തരം സംരംഭങ്ങളുമാണ് പ്രവർത്തിച്ചുവരുന്നത്. കെട്ടിട നിർമാണ മേഖല, സപ്പോർട്ട് ആന്റ് സർവീസസ് മേഖല, ടൂറിസം മേഖല എന്നിവയിലാണ് പുതുതായി സംരംഭങ്ങൾ കൂടുതൽ എത്തുന്നത്. സംരംഭങ്ങളെ പിന്തുണക്കാനായി പ്രത്യേക സാമ്പത്തിക സഹായവും സർക്കാർ തലത്തിൽ ഒരുക്കുന്നുണ്ട്.