ദമ്മാം: സൗദിയിൽ ചെറുകിട ഇടത്തര സംരംഭങ്ങളുടെ വരുമാനത്തിൽ വർധനവ്. ആറു ശതമാനത്തോളം വർധനവ് രേഖപ്പെടുത്തിയ വരുമാന നേട്ടം 3500 കോടി ഡോളറിനു മുകളിലേക്ക് ഉയർന്നു. കഴിഞ്ഞ വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് വർധന രേഖപ്പെടുത്തിയത്.
2022ലെ കണക്ക് ഉദ്ധരിച്ച് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2022ൽ വരുമാനം 5.8 ശതമാനം വർധിച്ച് 3570 കോടി ഡോളറായി ഉയർന്നു. തൊട്ടുമുമ്പത്തെ വർഷം ഇത് 3445 കോടി ആയിരുന്നു.
ഈ മേഖലയിലെ വാർഷിക പ്രവർത്തന ചെലവ് 1834 കോടി ഡോളറും രേഖപ്പെടുത്തി. തൊട്ട് മുമ്പത്തെ വർഷത്തെ അപേക്ഷിച്ച് 4.3 ശതമാനത്തിന്റെ വർധന ഈ രംഗത്ത് രേഖപ്പെടുത്തി.
രാജ്യത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ചെറുകിട ഇടത്തരം സംരംഭങ്ങൾ. പ്രതിവർഷം ലക്ഷത്തിനടുത്ത് സംരംഭങ്ങളാണ് പുതുതായി രാജ്യത്ത് ആരംഭിക്കുന്നത്. നിലവിൽ 13 ലക്ഷം സ്ഥാപനങ്ങളാണ് ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്നത്.