ഇക്കഴിഞ്ഞ ഹജ്ജ് കർമത്തിനിടെ കാണാതാവുകയും ശേഷം മരിച്ചെന്ന് കണ്ടെത്തുകയും ചെയ്ത മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ് (74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ് മടങ്ങവേ മകനും വാഹനാപകടത്തിൽ മരിച്ചു. ഉപ്പയുടെ ഖബറടക്കത്തിനായി കുവൈത്തിൽ നിന്നും മക്കയിലെത്തിയ മകൻ റിയാസ് ആണ് മരിച്ചത്.
ഖബറടക്കം കഴിഞ്ഞ് റിയാസും കുടുംബവും കുവൈത്തിലേക്ക് മടങ്ങുന്നതിനിടെ ത്വാഇഫിൽ നിന്നും 100 കിലോമീറ്റർ അകലെ റിദ് വാനിൽ വെച്ച് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭാര്യക്കും മൂന്ന് കുട്ടികൾക്കും അപകടത്തിൽ നിസാര പരിക്കേറ്റു.