ജിദ്ദ – സൗത്ത് അബ്ഹുറിലെ കോകിയാൻ ബീച്ച് ജിദ്ദ നഗരസഭ വീണ്ടും പൊതുജങ്ങൾക്കായി തുറന്ന് നൽകി. ബീച്ചിന് ചുറ്റും സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ബാരിക്കേഡുകൾ നീക്കം ചെയ്ത നഗരസഭ ബീച്ചിലേക്ക് സൗജന്യ പ്രവേശനമാണ് അനുവദിക്കുന്നത്.
400 ചതുരശ്രമീറ്റർ വിസ്തൃതിയിൽ നീന്തൽ ഏരിയ അടക്കം 24,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പ്രദേശം നഗരസഭ വികസിപ്പിച്ചത്. വേനലവധിക്കാലത്ത് കുടുംബങ്ങൾക്കും സന്ദർശകർക്കും അനുയോജ്യമായ നിലക്ക് ഐസ്‌ക്രീം പാർലറുകൾ, കോഫി ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, ഔട്ട്‌ഡോർ, ഇൻഡോർ ഇരിപ്പിടങ്ങൾ, വെയിൽ കായുന്നതിനുള്ള ഇരിപ്പിടങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സംയോജിത സൗകര്യങ്ങളും സേവനങ്ങളും ബീച്ചിലുണ്ട്. കുട്ടികൾക്ക് രസകരമായ അനുഭവം സമ്മാനിക്കാൻ വാട്ടർ ഗെയിമുകളും കളിസ്ഥലവും ഇവിടെയുണ്ട്. വസ്ത്രം മാറാനുള്ള മുറികൾ, കുളിമുറികൾ, ടോയ്‌ലെറ്റുകൾ എന്നിവ അടക്കമുള്ള സൗകര്യങ്ങളും ബീച്ചിൽ ഒരുക്കിയിട്ടുണ്ട്.