സൗദിയിൽ പുതിയ ബഹിരാകാശ ഗവേഷണകേന്ദ്രം വരുന്നു. ‘സൗദി സ്പേസ് ഏജൻസി’ യും ‘വേൾഡ് ഇക്കണോമിക് ഫോറവും ചേർന്ന് ബഹിരാകാശ ഭാവിക്കായുള്ള ബ്രഹത്തായ കേന്ദ്രം രാജ്യത്ത് ആരംഭിക്കുന്നതിനുള്ള കരാറിൽ ഒപ്പിട്ടു. സൗദി സ്പേസ് ഏജൻസി സി.ഇ.ഒ ഡോ.മുഹമ്മദ് അൽതമീമിയും വേൾഡ് ഇക്കണോമിക് ഫോറം മാനേജിംഗ് ഡയറക്ടർ ജെറമി ജുർഗൻസും തമ്മിലാണ് ഏറെ പ്രാധാന്യമുള്ള കരാറിൽ ഒപ്പുവച്ചത്. ഈ വർഷം തന്നെ സൗദിയിൽ കേന്ദ്രം തുറക്കും.
ബഹിരാകാശ സഹകരണത്തെക്കുറിച്ചുള്ള ആഗോള ചർച്ചകൾക്ക് നേതൃത്വം നൽകാനും ബഹിരാകാശ മേഖലയിലേക്ക് മികച്ച പ്രവർത്തനങ്ങളുടെ സംയോജനം വർധിപ്പിക്കാനും ഈ കേന്ദ്രം ലക്ഷ്യമിടുന്നതായി അധികൃതർ വ്യക്തമാക്കി. സൗദി ബഹിരാകാശ ഏജൻസി ആതിഥേയത്വം വഹിക്കുന്ന ‘സെന്റർ ഫോർ സ്പേസ് ഫ്യൂച്ചേഴ്സ്’ നുവേണ്ട സംവിധാനങ്ങളൊരുക്കുക, ബഹിരാകാശ രംഗത്തെ സാങ്കേതിക മുന്നേറ്റങ്ങൾ പ്രോത്സാഹിപ്പിക്കൽ, ആഗോള ബഹിരാകാശ സമ്പദ്വ്യവസ്ഥയിൽ സുസ്ഥിരമായ പദ്ധതികൾ ആസൂത്രണം ചെയ്യുക തുടങ്ങിയവക്കുള്ള ഒരു സുപ്രധാന പ്ലാറ്റ്ഫോമായി ഈ കേന്ദ്രം പ്രവർത്തിക്കും. കാലാവസ്ഥാ നിരീക്ഷണം, ഉപഗ്രഹങ്ങൾ വഴിയുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബഹിരാകാശ സാങ്കേതികവിദ്യകളുടെ ത്വരിതപ്പെടുത്തലിനു കാര്യമായ സംഭാവനകൾ നൽകാൻ ഈ നൂതന സാങ്കേതിക സംവിധാനങ്ങളോടെ സജ്ജമാക്കുന്ന കേന്ദ്രത്തിന് കഴിയുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു.