ജിദ്ദ: സൗദി അറേബ്യയിൽ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലിനും പൊടിക്കാറ്റിനും എതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
അതേസമയം മക്ക മേഖലയെ മിതമായതോ കനത്തതോ ആയ മഴ ബാധിക്കുമെന്നും ഇത് പേമാരിയിലേക്ക് നയിച്ചേക്കുമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. തായിഫ്, മെയ്‌സാൻ, അദം, അൽ-ഖുർമ, അൽ-അർദിയാത്ത്, തുർബ, റാനിയ, അൽ-മുവൈഹ്, ഖിയ, ഖുലൈസ്, അൽ-കാമിൽ, അൽ-ജുമും, ബഹ്‌റ, അൽ-ലിത്, അൽ-ഖുൻഫുദ തുടങ്ങിയ പ്രദേശങ്ങളിലാണ് മോശം കാലാവസ്ഥ പ്രതീക്ഷിക്കുന്നത്.
തലസ്ഥാനമായ അൽ-ഖർജ്, വാദി അൽ-ദവാസിർ, അസ്-സുലൈയിൽ, അഫീഫ്, അൽ-ദുവാദ്മി, ഷഖ്‌റ, അൽ-സുൽഫി, അൽ-മജ്മഅ, അൽ-ഖുവയ്യ എന്നിവയുൾപ്പെടെ റിയാദ് മേഖലയും ദുരിതം അനുഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തോടുകൾ ഒന്നിക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടതിന്റെ ആവശ്യകതയും അപകടകരമായ സ്ഥലങ്ങളിൽ നീന്തരുതെന്നും അധികൃതർ അടിവരയിട്ട് വ്യക്തമാക്കി.
മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്ന നിർദേശങ്ങൾ പാലിക്കാൻ എല്ലാവരോടും നിർദേശിച്ചിട്ടുണ്ട്.