ജിദ്ദ: പ്രവാസി യാത്രക്കാരുടെ ലഗേജുകളിൽ അനുവദനീയമല്ലാത്ത മരുന്നുകൾക്കുവേണ്ടിയുള്ള പരിശോധന സൗദിയിൽ ശക്തമാക്കി. ലഗേജിൽ മരുന്നുകൾ ഉള്ളതായി എക്‌സ് റേ പരിശോധനയിൽ കണ്ടെത്തിയാൽ അത് തുറന്ന് മരുന്നുകൾ സൗദിയിൽ അനുവദിക്കപ്പെട്ടതാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രമേ വിട്ടുകൊടുക്കുന്നുള്ളു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് ജിദ്ദയിലെത്തിയ മലയാളി എൻജിനീയറുടെ ലഗേജ് വിമാനത്താവളത്തിൽ ഇത്തരത്തിൽ വിശദമായ പരിശോധന നടത്തിയിരുന്നു. ഒരു സുഹൃത്തിനുവേണ്ടി കുറച്ച് മരുന്നകൾ ഇദ്ദേഹം ലഗേജിൽ കൊണ്ടുവന്നിരുന്നു. അതിന്റെ ഡോക്ടർ പ്രിസ്‌ക്രിപ്ഷനും ബില്ലും എല്ലാം അതിനൊപ്പമുണ്ടായിരുന്നു. കസ്റ്റംസിന്റെ എക്‌സ്‌റേ മെഷീനിൽ ഈ പെട്ടി കടന്നുപോയപ്പോൾ ബീപ് ശബ്ദമുണ്ടായി. തുടർന്ന് ഉദ്യോസ്ഥർ പെട്ടി തുറക്കാൻ ആവശ്യപ്പെട്ടു. തുറന്ന് എല്ലാ സാധനങ്ങളും പരിശോധിച്ച ശേഷം, മരുന്നുകൾ എടുത്തുകൊണ്ടുപോയി അനുവദനീയമായവ ആണോയെന്നറിയാൻ പേര് വിവരങ്ങൾ കംപ്യൂട്ടറിൽ എന്റർ ചെയ്ത് പരിശോധന നടത്തി. അനുവദനീയമായവ ആയതുകൊണ്ട് എല്ലാം തിരികെ നൽകി. ഡോക്ടർ പ്രിസ്‌ക്രിപ്ഷനൊന്നും പിന്നീട് ചോദിച്ചതുമില്ല.
ഏത് അസുഖത്തിനായാലും വിദേശത്തുനിന്ന് കൊണ്ടുവരുന്ന മരുന്നുകൾ സൗദിയിൽ വിലക്കുള്ളവയാണെങ്കിൽ എവിടെവെച്ചും പിടിക്കപ്പെടാം. വിമാനത്താവളത്തിലെ പരിശോധനിയിൽ കുഴപ്പമൊന്നുമില്ലാതെ കൊണ്ടുവന്ന മരുന്നുമായി മലയാളി യുവാവ് ഖമീസ് മുഷൈത്തിൽ പോലീസ് പിടിയിലായത് ആഴ്ചകൾക്കുമുമ്പാണ്. ഉംറ യാത്രക്കിടെ പോലീസ് ബസിൽ നടത്തിയ പരിശോധനയിൽ ഇയാളിൽനിന്ന് കണ്ടെടുത്ത മരുന്നുകൾ സൗദിയിൽ അനുവദനീയമായവ ആയിരുന്നില്ല.
അവയുടെ പ്രിസ്‌ക്രിപ്ഷനും അയാൾ കയ്യിൽ കരുതിയിരുന്നില്ല. പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ മരുന്നിന്റെ ഡോക്ടർ പ്രിസ്‌ക്രിപ്ഷനടക്കം ഹാജരാക്കി, ഇയാളുടെ ചികിത്സക്ക് ആ മരുന്ന് അത്യാവശ്യമാണെന്ന് ബോധ്യപ്പെടുത്തിയ ശേഷമാണ് സുഹൃത്തുക്കൾ ദിവസങ്ങൾക്കു ശേഷം പുറത്തിറക്കിയത്.