ജിദ്ദ – ഉത്തര സൗദി അറേബ്യ മേഖലയിൽ തണുപ്പ് കൂടുന്നു. ഉത്തര അതിർത്തി പ്രവിശ്യയിലെ തുറൈഫിൽ കഴിഞ്ഞ ദിവസം രാവിലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില മൂന്നു ഡിഗ്രിയായിരുന്നു. സൗദിയിൽ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്.
അബഹ, ഹായിൽ, ഖുറയ്യാത്ത്, ബീശ എന്നിവിടങ്ങളിൽ നാലു ഡിഗ്രിയും ഖമീസ് മുശൈത്ത്, നജ്‌റാൻ, ശറൂറ എന്നിവിടങ്ങളിൽ അഞ്ചു ഡിഗ്രിയും വാദിദവാസിർ, അറാർ എന്നിവിടങ്ങളിൽ ആറു ഡിഗ്രിയും തബൂക്ക്, റഫ്ഹാ, ഖൈസൂമ, സകാക്ക എന്നിവിടങ്ങളിൽ ഏഴു ഡിഗ്രിയും ബുറൈദയിൽ എട്ടു ഡിഗ്രിയും തായിഫിലും അൽബാഹയിലും ഒമ്പതു ഡിഗ്രിയുമാണ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
ഉത്തര സൗദിയിലെ റഫ്ഹയിൽ ഇന്നലെ രാവിലെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. നഗരത്തിലെ റോഡുകളും ചത്വരങ്ങളും പാർക്കുകളും മൂടൽമഞ്ഞിൽ കുളിച്ചു. ദൃശ്യക്ഷമത കുറഞ്ഞതോടെ രാജ്യാന്തര റോഡിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ വകുപ്പുകൾ ആവശ്യപ്പെട്ടു.