ദമാം- കിഴക്കൻ പ്രവിശ്യയിൽ അന്തരീക്ഷ താപനില 54 ഡിഗ്രി എത്തിയതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കടുത്ത ചൂടിനെ തുടർന്ന് പാർക്ക് ചെയ്തിരിക്കുന്ന നിരവധി വാഹനങ്ങളുടെ ഗ്ലാസുകൾ പൊട്ടി തകർന്നു.
കടുത്ത ചൂട് കൂടി വരുന്ന നിലവിലെ സാഹചര്യത്തിൽ പുറത്തു ജോലിചെയ്യുന്നവർക്കും നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചു.പല കമ്പനികളും നിർമ്മാണ പ്രവർതനങ്ങളിലെർപ്പെട്ട തൊഴിലാളികൾക്കും പുറത്തു ജോലിചെയ്യുന്നവർക്കും പ്രവർത്തന സമയം പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം കടുത്ത ചൂടിൽ ഉച്ചക്ക് വിശ്രമമില്ലാതെ കൂടുതൽ സമയം ജോലി ചെയ്യിപ്പിക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുറത്തു ജോലി ചെയ്യുന്നവർ കടുത്ത ചൂടും ഈർപ്പാവസ്ഥയും കാരണം ശരീരത്തിലെ ജലാംശം കുറയുന്നതിനാൽ ഉഷ്ണ രോഗത്തിൽ നിന്നും സൂര്യാഘാതം എല്ക്കുന്നതിൽ നിന്നും മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകി.
തുടക്കം മുതൽ തന്നെ ചൂടിന്റെ കാഠിന്യം ഇത്ര ശക്തമാണെങ്കിൽ വരും ദിവസങ്ങളിൽ ഇതിലും ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്ക് കൂട്ടൽ. നിലവിലെ സാഹചര്യത്തിൽ ദീർഘ ദൂരം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും വാഹങ്ങളുടെ സഞ്ചാര യോഗ്യതയും ടയറിന്റെ മേന്മയും പരിശോധിക്കുകയും അമിത വേഗത ഒഴിവാക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു.