അൽ ഖസീം- വാദി അബൂറമദിൽ കുടുംബാംഗങ്ങളോടൊപ്പം മഴവെള്ളപ്പാച്ചിൽ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം. മൂന്നുപേരുടെയും മൃതശരീരങ്ങളും കണ്ടെടുത്തതായി ഖസീം സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. ഏതാനും മണിക്കൂറുകളായി ഇവിടെ ശക്തമായ മഴ തുടരുകയാണ്.
അതിനിടെ, ഹായിലിൽ തിമർത്തു പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും നിരവധി കാറുകൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. ഒരാഴ്ചയോളമായി സൗദിയുടെ മിക്ക പ്രവിശ്യകളിലും ശക്തമായ മഴ ലഭിച്ചിട്ടുണ്ട്. ഹായിലും മക്കയുമുൾപടെ പല പ്രദേശങ്ങളിലും ഇന്നും സാമാന്യം നല്ല മഴ ലഭിക്കാൻ സാധ്യതയുണ്ട്. അസീർ, ജിസാൻ,റിയാദ്, ഖസിം, മദീന, അൽജൗഫ് തുടങ്ങിയ പ്രവിശ്യകളിലും ഇടിയോടു കൂടിയുള്ള മഴയും കാഴ്ച മറക്കുന്ന പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാനിരീക്ഷണം കേന്ദ്രം അറിയിപ്പിൽ പറയുന്നു.